Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാൻഡിങ്ങിനിടെ ടർക്കിഷ്...

ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതം -VIDEO

text_fields
bookmark_border
ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതം -VIDEO
cancel

കഠ്മണ്ഡു: നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇസ്താംബൂളിൽ നിന്ന് കഠ്മണ്ഡുവിലേക്ക് വന്ന ടികെ 726 (TK726) വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ലാൻഡിങ് സമയത്ത് വിമാനത്തിന്റെ വലതുവശത്തെ ടയറുകൾക്കാണ് തീപിടിച്ചത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ പരിഭ്രാന്തി പടർന്നെങ്കിലും ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ യൂനിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി. എമർജൻസി വാതിലുകൾ വഴിയാണ് യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിച്ചത്. യാത്രക്കാരിൽ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിമാനത്താവള അധികൃതരോ ടർക്കിഷ് എയർലൈൻസോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഠ്മണ്ഡു വിമാനത്താവളത്തിൽ ടർക്കിഷ് എയർലൈൻസ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. 2015ൽ ഇതേ വിമാനക്കമ്പനിയുടെ എയർബസ് എ 330 വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പുൽത്തകിടിലേക്ക് മറിഞ്ഞിരുന്നു. അന്ന് കഠ്മണ്ഡു വിമാനത്താവളം നാല് ദിവസത്തോളം അടച്ചിടേണ്ടി വന്നിരുന്നു. 2015ലെ അപകടത്തിലും ഇതേ 'ടികെ 726' എന്ന കോൾ സൈൻ ഉള്ള വിമാനമായിരുന്നു ഉൾപ്പെട്ടിരുന്നത് എന്നത് ശ്രദ്ധേയമാണ്. അന്ന് കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റിന് ദിശ തെറ്റിയതായിരുന്നു അപകടകാരണം.

ഇന്നത്തെ സംഭവത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസ വാർത്തയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനം റൺവേയിൽ നിന്ന് മാറ്റുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane landingTurkish Airlinescatch fireLatest News
News Summary - Turkish Airlines plane's tires catch fire while landing; passengers safe -VIDEO
Next Story