എങ്ങും മരണത്തിന്റെ മണം... ദുരിതം ഇരട്ടിയാക്കി തുടർ ചലനങ്ങൾ
text_fieldsസിറിയയിൽ ഭൂകമ്പത്തിൽ മരിച്ച കുഞ്ഞിനെയെടുത്ത് കരയുന്ന പിതാവ്
അങ്കാറ: തുർക്കിയയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് താമസ സൗകര്യങ്ങൾ നഷ്ടമായവർ കൊടും ദുരിതത്തിൽ. കടുത്ത ശൈത്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ദുരവസ്ഥ വിവരണാതീതമാണെന്ന് അൽജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധരിച്ച വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവർക്ക് തണുപ്പിനെ മറികടക്കാൻ വഴിയില്ല.
തുടർചലനങ്ങൾ തുടരുന്നതിനാൽ തകരാത്ത കെട്ടിടങ്ങളിലേക്ക് മടങ്ങാനും ഭയപ്പെടുകയാണ്. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല.
മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നതായി തുർക്കിയ വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പബാധിത പ്രദേശങ്ങളിൽ മഴയും മഞ്ഞുമുണ്ടെന്നും കടുത്ത ശൈത്യമാണെന്നും രക്ഷാപ്രവർത്തകരും ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ടവരും ഒരുപോലെ പ്രയാസമനുഭവിക്കുകയാണെന്നും ഇസ്തംബൂളിൽ മാധ്യമപ്രവർത്തകയായ സിനെം കോസെഗ്ലു റിപ്പോർട്ട് ചെയ്തു.
തുർക്കിയയിൽ ദുരിതബാധിതർക്ക് ആശ്വാസമായി പള്ളികൾ തുറന്നുനൽകിയിട്ടുണ്ട്. എന്നാൽ, തുടർചലനങ്ങളിൽ കെട്ടിടങ്ങൾ പ്രകമ്പനം കൊള്ളുന്നതിനാൽ പലരും പുറത്തുതന്നെയാണ് കഴിയുന്നത്. ചിലർ കാറുകളിലാണ് കഴിയുന്നത്. പത്ത് പ്രവിശ്യകളിലാണ് ഭൂകമ്പം കൂടുതൽ ദുരിതം വിതച്ചത്. ഇവിടങ്ങളിൽ 1200ലധികം പേർ മരിച്ചപ്പോൾ 7600ലധികം പേർക്ക് പരിക്കേറ്റതായി തുർക്കിയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വടക്കുപടിഞ്ഞാറൻ സിറിയയിലെ ജൻദരിസിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റ കുട്ടിയെ പുറത്തെത്തിക്കുന്നു
ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ ദുരിതബാധിതരുടെ അവസ്ഥ കൂടുതൽ ദയനീയമാണ്. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ടെന്റുകൾ തകർന്നതോടെ കൊടും ശൈത്യത്തിൽ തുറസ്സായ സ്ഥലത്താണ് ഇപ്പോഴുള്ളത്. ഭക്ഷണവും വെള്ളവുംപോലും ലഭ്യമാകാത്ത സ്ഥിതിയാണ്. ഭൂകമ്പത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ സൗകര്യവും ലഭ്യമായിട്ടില്ല. വടക്കൻ സിറിയയിൽ നിരവധി കുടുംബങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ തന്നെ പറയുന്നു.
യുദ്ധം തകർത്തതോടെ മൺകട്ടകളും മറ്റും ഉപയോഗിച്ച് നിർമിച്ചതും മിസൈലാക്രമണത്തിൽ തകർന്നതുമായ കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ കൂടുതലായും തകർന്നത്.
എത്രയും വേഗം അന്താരാഷ്ട്ര സഹായമെത്തിയില്ലെങ്കിൽ വടക്കൻ സിറിയയിലെ സ്ഥിതി അതീവ മോശമാകുമെന്ന് ജീവകാരുണ്യ പ്രവർത്തകരും രക്ഷാപ്രവർത്തകരും പറയുന്നു.