വിറങ്ങലിച്ച് തുർക്കിയയും സിറിയയും
text_fieldsഗാസിയാൻതെപ് (തുർക്കിയ): ഈജിപ്ത് തലസ്ഥാനമായ കൈറോ മുതൽ വിദൂര യൂറോപ്യൻ രാജ്യമായ ഗ്രീൻലൻഡ് വരെ അനുരണനം സൃഷ്ടിച്ച ഭൂകമ്പത്തിൽ വിറങ്ങലിച്ച് തുർക്കിയയും സിറിയയും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, കെട്ടിടങ്ങൾ തകർന്നുവീഴുന്ന ദൃശ്യങ്ങൾ ഭൂകമ്പത്തിന്റെ ഭീകരത വെളിവാക്കുന്നതാണ്. മലട്ടിയയിൽ ഭൂകമ്പ വാർത്ത ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെ തുടർചലനത്തിൽ കെട്ടിടം നിലംപതിക്കുന്നതിന്റെയും ടിടി.വി സംഘം ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങളും ഇതിലുണ്ട്.
കൊടും ശൈത്യത്തിന്റെ നടുവിലുണ്ടായ ദുരന്തത്തിൽ ഞെട്ടിയിരിക്കുകയാണെന്നും തുർക്കിയയിലേക്കും സിറിയയിലേക്കും അടിയന്തര സംഘത്തെ നിയോഗിച്ചതായും ഐക്യരാഷ്ട്രസഭ മാനുഷിക സഹായ വിഭാഗം തിങ്കളാഴ്ച പ്രതികരിച്ചു. യൂറോപ്യൻ യൂനിയനും രക്ഷാദൗത്യ സംഘങ്ങളെ അയച്ചിട്ടുണ്ട്. നിരവധി ഭൂകമ്പങ്ങൾ അരങ്ങേറിയിട്ടുള്ളതാണ് അനറ്റോലിയൻ പ്ലേറ്റ് എന്നറിയപ്പെടുന്ന, ഭൂകമ്പസാധ്യത വിഭാഗത്തിൽപെടുന്ന ഈ മേഖല.
ആദ്യമുണ്ടായ കുലുക്കത്തിൽ 7.8 തീവ്രതയും തുടർചലനങ്ങളിലൊന്നിൽ 7.6 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കൻ തുർക്കിയയിൽ 1939ലുണ്ടായ, 30,000 പേർ മരിച്ച ഭൂകമ്പത്തിനും 7.6 ആയിരുന്നു തീവ്രത.
അതിദുഷ്കരമായ കാലാവസ്ഥയാണെന്നും ഇത് രക്ഷാപ്രവർത്തകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്നും തുർക്കിയ വൈസ് പ്രസിഡന്റ് ഫുആത് ഒക്ടായ് പറഞ്ഞു. വീടുകൾ നഷ്ടമായ ആയിരങ്ങൾ അതിശൈത്യത്തിൽ തെരുവിൽ കഴിയേണ്ട അവസ്ഥയാണ്. ഗാസിയാൻതെപിലടക്കം ഭൂകമ്പ ബാധിത നഗരങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചു.