Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോമാലിയൻ തീരത്ത് തട്ടിയെടുത്ത ചരക്കുകപ്പൽ തുർക്കിയയും സോമാലിയൻ സേനയും ചേർന്ന് മോചിപ്പിച്ചു; 14 കൊള്ളക്കാർ കൊല്ലപ്പെട്ടു
text_fieldsbookmark_border
സോമാലിയൻ തീരത്ത് വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്ത് തടവിലാക്കിയിരുന്ന ചരക്കുകപ്പൽ തുർക്കിയ- സോമാലിയൻ സംയുക്ത സൈനിക സേന വിജയകരമായി മോചിപ്പിച്ചു. സോമാലിയയിലെ അർദ്ധ സ്വയംഭരണ പ്രദേശമായ പൻട്ലാന്റ് തീരത്ത് വെച്ച് 10 ദിവസം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 'എം.വി ലാറ്റഫ്'എന്ന കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ സൈന്യം വീണ്ടെടുത്തത്.
ശനിയാഴ്ച എക്സിൽ പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ, കപ്പൽ മോചിപ്പിക്കുന്നതിനായി നടത്തിയ സൈനിക നീക്കത്തിനിടെ 14 കടൽകൊള്ളക്കാർ കൊല്ലപ്പെട്ടതായി സോമാലിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരുടെ നാല് ആക്രമണ ബോട്ടുകളും സംയുക്ത സേന തകർത്തു. സൈന്യത്തിന്റെ വശത്തുനിന്നുണ്ടായ ശക്തമായ പ്രത്യാക്രമണവും കടുത്ത സമ്മർദവും സഹിക്കാനാവാതെ ശേഷിച്ച കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് സേന കപ്പലിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു.
സോമാലിയയുടെ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കടൽകൊള്ളക്കാരെ അടിച്ചമർത്തുന്നതിനുമായി തുർക്കിയയും സോമാലിയയും തമ്മിൽ നിലവിലുള്ള പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് ഈ സംയുക്ത രക്ഷാപ്രവർത്തനം സംഘടിപ്പിച്ചത്. എന്നാൽ കപ്പലിലെ ജീവനക്കാരുടെ ആരോഗ്യനിലയെക്കുറിച്ചോ സേനാംഗങ്ങൾക്ക് ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈ അവസാനത്തോടെ തുർക്കിയയിലെ തെകിർദാഗ് തുറമുഖത്തുനിന്നും യാത്ര തിരിച്ചതായിരുന്നു എം.വി ലാറ്റഫ്. ആഗസ്റ്റ് 17-നാണ് പണ്ട്‌ലാന്റ് പ്രദേശത്തെ സമുദ്ര മേഖലയിൽ വെച്ച് കൊള്ളക്കാർ കപ്പൽ തടഞ്ഞുവെച്ച് തട്ടിയെടുക്കുന്നത്. മോചനത്തിന് ശേഷം കപ്പൽ തങ്ങളുടെ ലക്ഷ്യസ്ഥാനമായ ടാൻസാനിയയിലെ ദാർ എസ് സലാം തുറമുഖത്തേക്ക് യാത്ര പുനരാരംഭിച്ചതായി സമുദ്ര ഗതാഗത നിരീക്ഷണ വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു.
2000 - ത്തിന്റെ തുടക്കത്തിൽ സോമാലിയൻ തീരങ്ങളിൽ കടൽകൊള്ളക്കാരുടെ അക്രമങ്ങൾ വളരെ രൂക്ഷമായിരുന്നു. എന്നാൽ അന്താരാഷ്ട്ര നാവികസേനകളുടെ ശക്തമായ നിരീക്ഷണവും സുരക്ഷാ മാനദണ്ഡങ്ങളും കാരണം വർഷങ്ങളായി ഇതിന് കുറവുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഏപ്രിൽ മാസത്തിന് ശേഷം സോമാലിയൻ തീരങ്ങളിൽ വീണ്ടും കടൽകൊള്ളക്കാരുടെ ആക്രമണം വർധിച്ചുവരുന്നതായാണ് രാജ്യാന്തര സമുദ്ര സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

