തുർക്കിയയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്; എട്ടുപേർ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ
text_fieldsഅങ്കാറ: തുർക്കിയയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അഫ്‌യോകറാഹിസാറിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി എട്ടുപേരെ വെടിയുതിർത്ത് കൊലപ്പെടുത്തി. പ്രതിയെ എസ്‌കിഷെഹിറിൽനിന്ന് സുരക്ഷാ സേന പിടികൂടി. അതേസമയം, കൂട്ടക്കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. അഫ്‌യോകറാഹിസർ പ്രവിശ്യയിലെ അയാസിനി ഗ്രാമത്തിൽ മൂന്നുപേരും തൊട്ടടുത്തുള്ള കിയിർ ഗ്രാമത്തിൽ മറ്റു മൂന്നുപേരുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനുപുറമെ, യുകരിതതിർ ഗ്രാമത്തിൽ വെടിയേറ്റു പരിക്കേറ്റ രണ്ട് സ്ത്രീകൾ പിന്നീട് ആശുപത്രിയിൽ വെച്ചും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷോട്ട്ഗൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിക്കായി പൊലീസ് ഊർജിതമായ തെരച്ചിൽ ആരംഭിച്ചിരുന്നു. ചുവന്ന മിനിവാനിൽ രക്ഷപ്പെട്ട ഇയാളുടെ വാഹനം എസ്‌കിഷെഹിറിന് സമീപം ചെളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് അയൽ പ്രവിശ്യയായ എസ്‌കിഷെഹിറിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വലയിലാക്കാൻ സാധിച്ചതെന്ന് ഗവർണറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

