മകനെയും മടിയിലിരുത്തി ഇലോൺ മസ്ക് സംസാരിച്ചു; നിങ്ങളുടെ ഭാര്യ എവിടെ പോയെന്ന് ഉർദുഗാൻ
text_fieldsന്യൂയോർക്ക്: കഴിഞ്ഞ ദിവസമാണ് മകനെയും കൊണ്ട് ടെസ്‍ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ കാണാനെത്തിയത്. കൂടിക്കാഴ്ചക്കിടെ ഇരുവരും തമ്മിൽ രസകരമായ സംസാരവും നടന്നു. മസ്ക് മകൻ എക്സിനെ മടിയിലിരുത്തിയാണ് തുർക്കി പ്രസിഡന്റിനോട് സംസാരിച്ചത്. നിരവധി തവണ എക്സിന് ഉർദുഗാൻ ഒരു ഫുട്ബോൾ സമ്മാനിക്കാൻ നോക്കിയെങ്കിലും അവനത് മൈൻഡ് ചെയ്തില്ല.
''താങ്കളുടെ ഭാര്യ എവിടെ'' എന്നായിരുന്നു ഉർദുഗാന്റെ അടുത്ത ചോദ്യം. ''ഓ... അവൾ സാൻഫ്രാൻസിസ്കോയിലാണ്. ഞങ്ങൾ വേർപിരിഞ്ഞു. അതിനാൽ മകനെ കൂടുതൽ സമയവും പരിപാലിക്കുന്നത് ഞാനാണ്.''-എന്നായിരുന്നു മസ്കിന്റെ മറുപടി. കനേഡിയൻ ഗായിക ഗ്രിംസിൽ മസ്കിന് മൂന്ന് മക്കളാണുള്ളത്. ഇവരുടെ ആദ്യ കുട്ടി എക്സ് എഇ 12 2020 മേയിലാണ് ജനിച്ചത്. രണ്ടാമത്തെ മകളുടെ പേര് എക്സാ ഡാർക്ക് സിദ്‍രിയൽ മസ്ക് എന്നും മൂന്നാമത്തെ കുട്ടിയുടെ പേര് ടെക്സോ മെക്കാനിയസ് എന്നുമാണ്. മൂന്നാമത്തെ മകനുള്ള വിവരം അടുത്തിടെ മാത്രമാണ് മസ്ക് പുറത്തുവിട്ടത്. മസ്കും ഗ്രിംസും വിവാഹം കഴിച്ചിരുന്നില്ല. നേരത്തേ രണ്ടു തവണ വിവാഹിതനായിട്ടുണ്ട് മസ്ക്.
ന്യൂയോർക്കിലെ യു.എൻ കെട്ടിടത്തിന് സമീപത്തെ തുർക്കിഷ് ഹൗസിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ടെസ്‍ല ഏഴാമത്തെ ഫാക്ടറി തുർക്കിയിൽ നിർമിക്കണമെന്ന് ഉർദുഗാൻ മസ്കിനോട് ആവശ്യപ്പെട്ടതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ അവസാനം തുർക്കിയിൽ നടക്കുന്ന എയ്റോസ്പേസ് ആൻഡ് ടെക്നോളജി ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഉർദുഗാൻ മസ്കിനെ ക്ഷണിച്ചിട്ടുണ്ട്.