ഭൂകമ്പം: കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുർക്കിയ നിർത്തുന്നു
text_fieldsഇസ്തംബൂൾ: തുർക്കിയ ഭൂകമ്പമേഖലയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നു. മിക്കവാറും പ്രവിശ്യകളിൽ തിരച്ചിൽ നിർത്തിയതായും ബാക്കിയുള്ളവയിൽ തിങ്കളാഴ്ച രാത്രിയോടെ അവസാനിപ്പിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് മേധാവി യൂനിസ് സെസാർ അറിയിച്ചു.
രണ്ടാഴ്ച പിന്നിട്ടതോടെ ഇനിയും ജീവനോടെ ആളുകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലാത്തതിനാലാണ് തിരച്ചിൽ നിർത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഹൃദയമിടിപ്പുവരെ കേൾക്കാൻകഴിയുന്ന അത്യാധുനിക റഡാറുകൾ ഉപയോഗിച്ച് അവസാനവട്ട തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
ദക്ഷിണ തുർക്കിയയെയും വടക്കൻ സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ നിരവധി അത്ഭുതകരമായ അതിജീവന സംഭവങ്ങളാണ് നടന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവരാണ് കൊടുംശൈത്യവും വിശപ്പും ദാഹവും സഹിച്ച് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ മരണമുഖം കണ്ട് കിടന്നശേഷം ജീവൻ തിരിച്ചുപിടിച്ചത്. 13ാം ദിവസം വരെ മൂന്നുപേരെ രക്ഷിച്ചു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കാനും താമസസൗകര്യം പുനഃസ്ഥാപിക്കാനുമാണ് അടുത്തഘട്ടത്തിലെ ഊന്നൽ. ഫെബ്രുവരി ആറിനാണ് തെക്കൻ തുർക്കിയയെയും വടക്കൻ സിറിയയെയും നടുക്കിയ ഭൂചലനമുണ്ടായത്. രണ്ടു രാജ്യങ്ങളിലുമായി 46,000ത്തിലധികം പേരാണ് മരിച്ചത്. തുർക്കിയയിൽ മാത്രം 40,642 പേർ മരിച്ചു. ഭൂകമ്പത്തിനുശേഷം ആദ്യമായി ഞായറാഴ്ച മരണനിരക്ക് ഉയർന്നില്ല എന്നത് ആശ്വാസമാണ്.