തുർക്കിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടക്കുഴിമാടം; പ്രിയപ്പെട്ടവരുടെ ഖബറിടങ്ങൾ തിരിച്ചറിയാൻ കഴിയാതെ കുടുംബം
text_fieldsഅങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 33,000കവിഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങളും ലഭിക്കുന്നത്. മരണ സംഖ്യ ഉയരുന്നതോടെ സംസ്കാരവും വലിയ പ്രശ്നമായിരിക്കുകയാണ്.
ഞായറാഴ്ച 5000മൃതദേഹങ്ങളാണ് തുർക്കിയിലെ മറാസ് സെമിത്തേരിയിൽ ദഹിപ്പിച്ചത്. മറാസിലെ കാടുകളിൽ നിന്ന് വലിയൊരു ഭാഗം പൈൻ മരങ്ങൾ വെട്ടിമാറ്റി മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. കൂട്ടക്കുഴിമാടമായതിനാൽ പ്രിയപ്പെട്ടവരുടെ ഖബറിടം തിരിച്ചറിയാൻ പോലുമാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് മരിച്ചവരുടെ ബന്ധുക്കൾ. കുഴിമാടത്തിൽ സംസ്കരിക്കുന്നവരുടെ മുകളിൽ കല്ലിനു പകരം മുളകളാണ് നാട്ടിയിരിക്കുന്നത്.
മൃതദേഹങ്ങൾ വൃത്തിയാക്കാനായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. ഖബറടക്കത്തിനു മുമ്പ് പ്രിയപ്പെട്ടവരെ കുളിപ്പിച്ച് പ്രാർഥന നടത്തിയാണ് ബന്ധുക്കൾ യാത്രയാക്കുന്നത്. തുടർച്ചയായ ഏഴാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.