സ്വീഡനിൽ ഖുർആൻ കത്തിച്ചത് നീചമായ പ്രവൃത്തി -പ്രതിഷേധവുമായി തുർക്കി
text_fieldsഅങ്കാറ: സ്വീഡനിൽ തങ്ങളുടെ എംബസിക്കു മുന്നിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തുർക്കി. നീചമായ പ്രവൃത്തിയാണിതെന്നാണ് തുർക്കി വിശേഷിപ്പിച്ചത്. അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. ഇത്തരമൊരു പ്രതിഷേധം തുടരാൻ സ്വീഡിഷ് സർക്കാർ അനുവദിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധക്കാരെ തടയണമെന്ന് തുർക്കി അഭർഥിച്ചിരുന്നു.
ഖുർആൻ കത്തിക്കാൻ വലതുപക്ഷ പ്രതിഷേധകർക്ക് സ്വീഡിഷ് സർക്കാരിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. നാറ്റോ അംഗത്വത്തിനായി കാത്തിരിക്കുന്ന സ്വീഡന് തുർക്കിയുടെ നിലപാട് തിരിച്ചടിയാകും. നാറ്റോ അംഗമായ തുർക്കിക്ക് മറ്റൊരു രാജ്യത്തിന് അംഗത്വം നൽകണോ എന്നകാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയും.
ജനുവരി 21നായിരുന്നു സംഭവം. സ്വീഡനിലെ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദൻ ആണ് തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുർആൻ കത്തിച്ചത്. ആ സമയത്ത് റാസ്മസിന് സ്വീഡിഷ് പൊലീസ് സംരക്ഷണം നൽകുകയും ചെയ്തു. ഖുർആൻ കത്തിച്ച നടപടിയെ സ്വീഡൻ അപലപിച്ചിരുന്നു. എന്നാൽ അതുപോരെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.ഡെൻമാർക്കിലെ തീവ്ര വലതുപക്ഷ പാർട്ടിയായ സ്ട്രാം കുർസിന്റെ നേതാവും ഡാനിഷ്-സ്വീഡിഷ് ദേശീയവാദിയുമാണ് റാസ്മസ്. സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധത്തിനിടെ റാസ്മസ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ കോലം കത്തിച്ചിരുന്നു.