തുര്‍ക്കിയ കൽക്കരി ഖനിയിൽ സ്ഫോടനം; 41 മരണം
text_fieldsതുർക്കിയയിൽ ബാർട്ടിൻ പ്രവിശ്യയിൽ അമസ്രയിലെ സ്ഫോടനം നടന്ന കൽക്കരി ഖനി സന്ദർശിക്കുന്ന പ്രസിഡന്റ്റ ജബ് ത്വയ്യിബ് ഉർദുഗാൻ
അങ്കാറ: വടക്കന്‍ തുര്‍ക്കിയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 41 പേര്‍ മരിച്ചു. 58 പേരെ രക്ഷിച്ചതായി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചു.കാണാതായ അവസാന ആളുടെ മൃതദേഹം കണ്ടെത്തിയതോടെ 20 മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തനം അവസാനിച്ചു. 10 പേർ ആശുപത്രിയിൽ തുടരുകയാണെന്നും ഒരാളെ ഡിസ്ചാർജ് ചെയ്തതായും സുലൈമാൻ സോയ്‌ലു പറഞ്ഞു. പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫിസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുമുമ്പാണ് സ്ഫോടനം നടന്നത്. ഇരുട്ടിൽ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലായി. അടിയിലേക്ക് പാറ തുരന്നായിരുന്നു രക്ഷാപ്രവർത്തനം. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മറ്റ് മന്ത്രിമാരോടൊപ്പം ബാർട്ടിൻ പ്രവിശ്യയിലെ സ്ഥലം സന്ദർശിച്ചു,
സ്ഫോടനം നടക്കുമ്പോൾ 110 പേരോളമാണ് ഖനിയിലുണ്ടായിരുന്നത്. പകുതിയോളം പേരുമുണ്ടായിരുന്ന 300 മീറ്ററിലധികം ആഴത്തിലാണ് സ്ഫോടനമുണ്ടായത്. കരിങ്കടൽ തീരത്തെ ബാർട്ടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടർക്കിഷ് ഹാർഡ് കോൾ എന്റർപ്രൈസസിന്റേതാണ് ഖനി. അപകടസ്ഥലത്ത് പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും തിരഞ്ഞെത്തിയവര്‍ കണ്ണീരുമായി കാത്തുനിൽക്കുന്നത് ടി.വി ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഖനിയില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നവരെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയത്. 300ഉം 350ഉം മീറ്ററിനിടയിൽ അപകടസാധ്യത മേഖലയിൽ 49 പേർ ജോലി ചെയ്തിരുന്നതായി സോയ്‌ലു പറഞ്ഞു. സ്ഫോടനകാരണം അറിവായിട്ടില്ല. കൽക്കരി ഖനികളിൽ സാധാരണയുണ്ടാവുന്ന മീഥേൻ വാതകമാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് തുർക്കി ഊർജ മന്ത്രി പറഞ്ഞു. ഖനിക്കുള്ളിൽ ഭാഗികമായ തകർച്ചയുണ്ടായി.എന്നാല്‍, തീപിടിത്തം ഉണ്ടായിട്ടില്ലെന്നും വെന്‍റിലേഷൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ൽ പടിഞ്ഞാറൻ പട്ടണമായ സോമയിലുണ്ടായ സ്‌ഫോടനത്തിൽ 301 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

