ഇറാനിൽ അണുബോംബിടാൻ ട്രംപിന് നെതന്യാഹുവിന്റെ സമ്മർദം; ദിവസങ്ങൾക്കുള്ളിൽ തീരുമാനമെന്ന് കാൾസൺ
text_fieldsവാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരെ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ. ഈയാഴ്ച തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയേക്കുമെന്നാണ് ട്രംപിന്റെ സുഹൃത്തും പിന്നീട് കടുത്ത വിമർശകനുമായി മാറിയ കാൾസൺ മുന്നറിയിപ്പ് നൽകുന്നത്.
ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു ട്രംപിന് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ടെന്നും, ഇറാന്റെ നതാൻസിന് സമീപമുള്ള 'പിക്ആക്സ് മൗണ്ടൻ' എന്ന ഭൂഗർഭ ആണവനിലയത്തെ ട്രംപ് ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും കാൾസൺ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലായെന്നും, ട്രംപ് നേരിട്ട് ഇടപെടാതെ തനിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു തിരിച്ചറിഞ്ഞതാണ് ഇത്തരം നീക്കങ്ങൾക്ക് കാരണമെന്ന് കാൾസൺ പറഞ്ഞു.
നതാൻസ്, ഫുർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവനിലയങ്ങൾ അമേരിക്ക മുൻപ് ആക്രമിച്ചിട്ടുണ്ടെങ്കിലും പിക്ആക്സ് മൗണ്ടൻ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല. മലനിരകൾക്ക് താഴെ 100 മീറ്ററിലധികം ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം സാധാരണ പരമ്പരാഗത ആയുധങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്തത്ര സുരക്ഷിതമാണ്. അതിനാൽ അണുവായുധ ആക്രമണം മാത്രമാണ് ട്രംപിന് മുന്നിലുള്ള ഒരേയൊരു വഴിയെന്നും കാൾസൺ പറഞ്ഞു. നെതന്യാഹു ദിവസവും ഇതിനായി ട്രംപിനെ വിളിക്കുന്നുണ്ടെന്നും, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന കാൾസന്റെ മുന്നറിയിപ്പിന് വിരുദ്ധമായി, ആണവായുധം ഉപയോഗിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം നടത്തിയ പ്രസ്താവനയിൽ, ഇറാനെതിരെ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും പരമ്പരാഗത ആയുധങ്ങൾ ഉപയോഗിക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്. 'മദർ ഓഫ് ഓൾ ബോംബ്സ്' എന്നറിയപ്പെടുന്ന അതിശക്തമായ പരമ്പരാഗത ബോംബ് ഉപയോഗിക്കുന്നതിനെക്കുറിച്ചും ട്രംപ് സൂചിപ്പിച്ചിരുന്നു.
കൂടാതെ, അണവായുധമില്ലാതെ തന്നെ ഇത്തരം ഭൂഗർഭ നിലയങ്ങൾ തകർക്കാൻ ആവർത്തിച്ച് ഒരേ സ്ഥലത്ത് ബോംബുകൾ വർഷിക്കുന്ന രീതി ഉപയോഗിച്ച് സാധാരണ ബങ്കർ-ബസ്റ്റർ ബോംബുകൾ വഴി അമേരിക്കക്ക് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. 2024ൽ ബൈറൂത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല താമസിച്ചിരുന്ന ഭൂഗർഭ താവളം തകർക്കാൻ ഇസ്രായേൽ ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്.
നിലവിൽ ഇസ്രായേൽ തെരഞ്ഞെടുപ്പിന് ശേഷം നെതന്യാഹു കടുത്ത പ്രതിസന്ധിയിലും നിരാശയിലുമാണ്. ട്രംപ് ഇസ്രായേൽ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ട് മറ്റ് പാർട്ടികളുമായി ധാരണയുണ്ടാക്കി നെതന്യാഹുവിന് നെസറ്റിൽ 61 സീറ്റുകളുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാനാകൂ. അല്ലാത്തപക്ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുകയും അന്വേഷണങ്ങളും ജയിൽവാസവും നേരിടേണ്ടിവരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ യുദ്ധം നെതന്യാഹുവിന് അനിവാര്യമാണ്.
അതേസമയം ഇറാനെതിരായ അമേരിക്ക ആണവാക്രമണം നടത്തിയാൽ അത് ആഗോളതലത്തിൽ പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാൾസൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചാൽ യുക്രെയ്നെതിരെ ആണവായുധം ഉപയോഗിക്കാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകുമെന്ന് റഷ്യ നേരത്തേ അറിയിച്ചതാണ്. കൂടാതെ ഇന്ത്യയും പാകിസ്താനും ദക്ഷിണ കൊറിയയും ഉത്തരകൊറിയയും സമാനമായ നീക്കം നടത്തിയേക്കും.

