ട്രംപിന്റെ പ്രതിനിധി പുടിനെ കണ്ടു; ഒരു മാസത്തെ വെടിനിർത്തലിന് ഊർജ്ജിത ശ്രമം
text_fieldsമോസ്കോ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിൽ വെടിനിർത്തലിനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ശാശ്വത യുദ്ധവിരാമത്തിന് മുന്നോടിയായി ആദ്യം ഒരുമാസത്തെ വെടിനിർത്തലിനാണ് ശ്രമം. ട്രംപും പുടിനും നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. ട്രംപ് റഷ്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം പുടിൻ തത്ത്വത്തിൽ അംഗീകരിച്ചു. അതോടൊപ്പം ചില ആശങ്കകൾ അദ്ദേഹം പങ്കുവെച്ചു.
വെടിനിർത്തൽ കരാർമൂലം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പ്രതിസന്ധിയുടെ മൂലകാരണം ഇല്ലാതാക്കുകയും വേണമെന്ന് പുടിൻ വ്യക്തമാക്കി. ഒരു മാസത്തെ വെടിനിർത്തൽ യുക്രെയ്ൻ സൈന്യത്തെ പുനഃസംഘടിപ്പിക്കാനും പരിശീലനത്തിനും വിനിയോഗിക്കുമോ എന്ന ആശങ്ക പുടിൻ പങ്കുവെച്ചു. ഇതിനകം പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭാവി സംബന്ധിച്ചും തർക്കം നിലനിൽക്കുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി റഷ്യക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി മോസ്കോ ആരോപിച്ചു. 28 ഡ്രോണുകൾ വെടിവെച്ചിട്ടതായാണ് റഷ്യയുടെ അവകാശവാദം. അതിനിടെ വെടിനിർത്തലിന് താൽപര്യം അറിയിച്ചുള്ള പുടിന്റെ വാക്കുകൾ ആത്മാർഥമല്ലെന്നും അതുകൊണ്ടാണ് അദ്ദേഹം ഉപാധികൾ വെക്കുന്നതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

