ട്രംപ് ഉണ്ടാക്കിയ ‘സമാധാനം’ പൊളിഞ്ഞു; കംബോഡിയയിൽ ബോംബിട്ട് തായ്‌ലൻഡ്
text_fieldsബാങ്കോക്ക്: ട്രംപ് യുദ്ധം ‘അവസാനിപ്പിച്ചിട്ടും’ കംബോഡിയ അതിർത്തിയിൽ തായ്‌ലൻഡ് വ്യോമാക്രമണം ആരംഭിച്ചു. ഒരു സൈനികൻ കൊല്ലപ്പെട്ടതായാണ് റപ്പോർട്ട്. ആറാഴ്ച മുമ്പ് ഡോണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു. ഇതോടെ കംബോഡിയയുമായുള്ള തായ്‍ലന്റിന്റെ അതിർത്തി തർക്കം വീണ്ടും ചൂടുപിടിക്കുകയാണ്.
കിഴക്കൻ പ്രവിശ്യയായ ഉബോൺ റാറ്റ്ചത്താനിയിൽ കംബോഡിയൻ സൈന്യം കുറഞ്ഞത് ഒരു സൈനികനെ കൊല്ലുകയും എട്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് തിങ്കളാഴ്ച രാവിലെ തങ്ങൾ വ്യോമ, കര നീക്കങ്ങൾ നടത്തിയതെന്ന് തായ് സൈന്യം അറിയിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും സിവിലിയൻ സുരക്ഷക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും സൈനിക വക്താവ് വിൻതായ് സുവാരി പറഞ്ഞു. എന്നാൽ, കുറഞ്ഞത് നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കംബോഡിയയുടെ വാർത്താവിനിമയ മന്ത്രി പറഞ്ഞു.
‘അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും സ്വയം പ്രതിരോധിക്കാനുള്ള അവകാശമനുസരിച്ചും നമ്മുടെ പരമാധികാരം സംരക്ഷിക്കാൻ തായ്‌ലൻഡ് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ, കംബോഡിയ ആദ്യം ആക്രമണം നിഷേധിച്ചു. നിരവധി ദിവസമായി താതയ്‍ലന്റ് പ്രകോപനപരമായ നടപടികൾ നടത്തിയിട്ടും തിങ്കളാഴ്ച കംബോഡിയ തിരിച്ചടിച്ചില്ലെന്ന് മന്ത്രാലയത്തിന്റെ വക്താവ് മാലി സോച്ചീറ്റയും അവകാശപ്പെട്ടു. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയായ എല്ലാ ശത്രുതാപരമായ പ്രവർത്തനങ്ങളും തായ്‌ലൻഡ് ഉടൻ അവസാനിപ്പിക്കണമെന്ന് കംബോഡിയ ആവശ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു.
ട്രംപിന്റെ സമാധാന കരാർ തർക്കത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്തിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി വിശദീകരിച്ചുമില്ല. മാത്രമല്ല തണുത്തുറഞ്ഞ ബന്ധങ്ങൾ അങ്ങനെ തന്നെ തുടരുകയും ചെയ്തു. കഴിഞ്ഞ മാസം, മൈനുകൾ പൊട്ടിത്തെറിച്ച് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് കരാർ നടപ്പാക്കുന്നത് അനിശ്ചിതമായി നിർത്തിവെക്കുമെന്ന് തായ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പും സമാധാനം ദുർബലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

