മോദി വിളിച്ചു, അങ്ങനെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യയും പാകിസ്‍താനും തമ്മിലുള്ള സംഘർഷം താൻ ഇടപെട്ടാണ് പരിഹരിച്ചതെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ഞങ്ങൾ യുദ്ധത്തിലേക്ക് പോകില്ലെന്ന് ഉറപ്പു പറഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി.
ഇതാദ്യമായല്ല, ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ മാധ്യസ്ഥം വഹിച്ചുവെച്ച് പറഞ്ഞ് ട്രംപ് വരുന്നത്. എന്നാൽ ട്രംപിന്റെ വാദം ഇന്ത്യ നിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
60ലേറെ തവണ ട്രംപ് ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്.
''തർക്കങ്ങൾ പരിഹരിക്കാൻ ഞാൻ സമർഥനാണ്. ഞാനത് എപ്പോഴും ചെയ്യാറുമുണ്ട്. വർഷങ്ങളായി വളരെ നല്ല രീതിയിൽ ഞാനത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ സംസാരിക്കുന്നത് വിവിധ യുദ്ധങ്ങളെ കുറിച്ചാണ്. ഇന്ത്യ, പാകിസ്‍താൻ തുടങ്ങി...അവർ യുദ്ധത്തിലേക്ക് പോവുകയായിരുന്നു''-ട്രംപ് പറഞ്ഞു്
യു.എസ്-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സൗരി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. എന്നാൽ അയൽക്കാരായ ആ രണ്ട് ആണവരാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പു തന്നെ, 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി താനത് പരിഹരിച്ചുവെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിലേക്ക് നീങ്ങിയാൽ യു.എസുമായി ഒരിക്കലും വ്യാപാര ബന്ധമുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തി. ഇന്ത്യയും പാകിസ്താനും അതനുസരിക്കുകയും ചെയ്തു. രാജ്യങ്ങൾ യുദ്ധം ചെയ്യില്ലെന്ന് ഉറപ്പുനൽകിയാൽ അവരുമായി ഞങ്ങൾ മികച്ച വ്യാപാര കരാറുണ്ടാക്കും.-ട്രംപ് പറഞ്ഞു.
മറ്റൊരു രാജ്യത്തെ പ്രസിഡന്റും ഇത്തരത്തിൽ ഇടപെടില്ല. എല്ലാ യുദ്ധങ്ങളും തീർപ്പാക്കാനുള്ള മാർഗമായി തീരുവയെ ഉപയോഗിച്ചു. എല്ലാം സെറ്റിലാക്കി എന്ന് പറയാൻ പറ്റില്ല. എട്ടെണ്ണത്തിൽ അഞ്ചെണ്ണം തീർപ്പാക്കി. സാമ്പത്തികം, വ്യാപാരം, തീരുവ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അത് ചെയ്തത്.
അനേക ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരനായതിന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് തന്നെ വിളിച്ച് നന്ദി പറഞ്ഞതായും ട്രംപ് അവകാശവാദമുന്നയിച്ചു.
പിന്നീട് മോദിയും വിളിച്ചു ഞങ്ങളത് ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. നിങ്ങൾ എന്തു ചെയ്തുവെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. ഞങ്ങൾ യുദ്ധത്തിലേക്ക് പോകില്ല എന്നദ്ദേഹം പറഞ്ഞു. തുടർന്ന് മോദിയോട് നന്ദിപറഞ്ഞശേഷം മികച്ച ഒരു കരാറുണ്ടാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇങ്ങനെ താൻ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേയ് 10ന് പാകിസ്താനുമായി വെടിനിർത്തലിന് തയാറാണെന്ന് ഇന്ത്യ പ്രഖ്യാപനം നടത്തിയത്. മേയ് ഏഴിനാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ. അതേസമയം, പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്നാണ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

