ട്രംപിന് തിരിച്ചടി; കോടതിവിധിക്ക് പിന്നാലെ കെന്നഡി സെന്ററിലെ ട്രംപിന്റെ പേര് നീക്കി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് വാഷിങ്ടണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രമായ ജോൺ എഫ് കെന്നഡി സെന്റർ ഫോർ ദ പെർഫോമിങ് ആർട്സിൽനിന്ന് നീക്കം ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
ട്രംപ് അനുകൂലികൾ നിയന്ത്രിച്ചിരുന്ന കെന്നഡി സെന്റർ ബോർഡ്, 2025 ഡിസംബറിൽ കേന്ദ്രത്തിന്റെ പേരിനൊപ്പം ട്രംപിന്റെ പേര് കൂടി ചേർത്തിരുന്നു. ‘ദ ഡോണൾഡ് ജെ ട്രംപ് ആൻഡ് ജോൺ എഫ് കെന്നഡി മെമോറിയൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്‌സ്’ എന്നാണ് പേരുമാറ്റിയത്. എന്നാൽ കേന്ദ്രത്തിന്റെ പേര് മാറ്റാൻ കോൺഗ്രസിന് മാത്രമേ അധികാരമുള്ളൂവെന്നും ബോർഡ് നിയമപരിധി ലംഘിച്ചുവെന്നും യു.എസ് ജില്ലാ ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ വിധിച്ചു.
കോടതി ഉത്തരവിനെതിരെ നൽകിയ അവസാനഘട്ട അപ്പീലുകളും തള്ളിയതോടെ ശനിയാഴ്ച പുലർച്ചെ തൊഴിലാളികൾ കെട്ടിടത്തിലെ ട്രംപിന്റെ പേര് നീക്കം ചെയ്തു. ഇതിനുമുമ്പ് വെബ്സൈറ്റ്, ഔദ്യോഗിക രേഖകൾ, ഇമെയിൽ ഒപ്പുകൾ എന്നിവയിൽ നിന്നും ട്രംപിന്റെ പേര് ഒഴിവാക്കിയിരുന്നു. വിധി ഇപ്പോൾ പൂർണ്ണമായും പാലിച്ചിട്ടുണ്ടെന്നും ട്രംപിന്റെ പേര് അവരുടെ കെട്ടിടത്തിലോ വെബ്‌സൈറ്റിലോ മറ്റ് മെറ്റീരിയലുകളിലോ ഇല്ലെന്നും പെർഫോമൻസ് ആർട്‌സ് വേദി കോടതിയിൽ സമർപ്പിച്ച രേഖയിൽ അറിയിച്ചു.
നിയമവിരുദ്ധമായാണ് പ്രസിഡന്റിന്റെ പേര് വേദിയിൽ ചേർത്തിരിക്കുന്നതെന്ന് കഴിഞ്ഞ മാസം ഒരു ഫെഡറൽ ജഡ്ജി കണ്ടെത്തിയിരുന്നു. തുടർന്ന് ജൂൺ 12ന് അത് നീക്കം ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ജോയ്സ് ബീറ്റിയുടെ നിയമപോരാട്ടമാണ് ഈ വിധിയിലേക്ക് നയിച്ചത്.
പേര് നീക്കം ചെയ്യുന്നത് കാണാൻ ട്രംപിനെതിരെ മുദ്രാവാക്യം വിളികളുമായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. പേര് നീക്കം ചെയ്തതിനെ തുടർന്ന് കെന്നഡി സെന്ററിന് പുറത്ത് ഒത്തുകൂടിയവർ ആഘോഷപ്രകടനവും നടത്തി. ട്രംപിന്റെ പേര് ചേർത്തതും പിന്നീട് കോടതി ഉത്തരവിലൂടെ അത് നീക്കം ചെയ്യപ്പെട്ടതും അമേരിക്കയിലെ സാംസ്കാരിക സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു. ജോൺ എഫ്. കെന്നഡിയുടെ സ്മാരകമായി യു.എസ് വിശേഷിപ്പിക്കുന്ന സാംസ്കാരിക സ്ഥാപനത്തിന്റെ പുനർനാമകരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

