വൻ സുരക്ഷാ വീഴ്ച: ട്രംപിന്റെ മറൈൻ വണ്ണും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിക്കാതെ പോയത് തലനാരിഴക്ക്
text_fieldsമറൈൻ വൺ
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്ററായ 'മറൈൻ വൺ’, വാഷിങ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത യാത്രാവിമാനത്തിന് തൊട്ടടുത്തുകൂടെ പറന്നതായി റിപ്പോർട്ട്. ഈ സുരക്ഷാ വീഴ്ചയെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഈ സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോസ് ആഞ്ചൽസിലേക്കുള്ള പ്രസിഡന്റിന്റെ യാത്രാസേവനത്തിനായി വൈറ്റ് ഹൗസിന് സമീപമുള്ള എലിപ്സിൽ നിന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2:33ഓടെയാണ് ഡോണാൾഡ് ട്രംപുമായി മറൈൻ വൺ യാത്ര തിരിച്ചത്. റീഗൻ നാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന യാത്രാവിമാനത്തിന് സമീപത്തുകൂടി ഹെലികോപ്റ്റർ കടന്നുപോവുകയായിരുന്നു.
ഫ്ലോറിഡയിലെ പെൻസകോളയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ എൻവോയ് എയർ ഫ്ലൈറ്റ് 3742 ആണ് ഹെലികോപ്റ്ററിന് സമീപമെത്തിയ കൊമേഴ്സ്യൽ ജെറ്റ് എന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, മുൻകരുതൽ നടപടിയുടെ ഭാഗമായി റിപ്പബ്ലിക് 4700 എന്ന മറ്റൊരു വിമാനത്തിന്റെ ഗതിയും മാറ്റിവിട്ടിരുന്നു. രണ്ട് വിമാനങ്ങളും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും, ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
‘പ്രാഥമിക സുരക്ഷാ പരിശോധനയിൽ ഇരു വിമാനങ്ങളും തമ്മിലുള്ള അകലത്തിൽ ചെറിയൊരു കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം വിമാനങ്ങൾ സുരക്ഷിതമായി എതിർദിശകളിലേക്ക് നീങ്ങുകയും ചെയ്തു. ഈ സമയത്തൊക്കെ എയർ ട്രാഫിക് കൺട്രോളർ രണ്ട് പൈലറ്റുമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യാതൊരുവിധ അപകടാവസ്ഥയും നേരിട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി.
‘ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈൻ വൺ നിയന്ത്രിക്കുന്നത്. ഒരു ഘട്ടത്തിലും പ്രസിഡന്റ് അപകടത്തിൽപ്പെട്ടിട്ടില്ല’ എന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായ് പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ വലിയൊരു ദുരന്തത്തിന് ശേഷം നടപ്പിലാക്കിയ കർശനമായ നയങ്ങൾ പ്രകാരം, പ്രസിഡന്റിന്റെ ഹെലികോപ്റ്റർ നീങ്ങുമ്പോൾ റീഗൻ നാഷണൽ എയർപോർട്ടിലെ കൊമേഴ്സ്യൽ വിമാന സർവീസുകൾ എയർ ട്രാഫിക് കൺട്രോളർമാർ താൽക്കാലികമായി നിർത്തിവെക്കേണ്ടതാണ്.
എന്നാൽ ഈ സംഭവത്തിൽ കൊമേഴ്സ്യൽ വിമാനങ്ങളുടെ പുറപ്പെടൽ വൈകിപ്പിക്കുകയോ തടയുകയോ ചെയ്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവം വാഷിങ്ടൺ റീഗൻ എയർപോർട്ടിലെ വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. 2025 ജനുവരിയിൽ റീഗൻ എയർപോർട്ടിന് സമീപം സൈനിക ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസിന്റെ റീജിയണൽ ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു.
ഈ വൻ ദുരന്തത്തിന് ശേഷമാണ് എയർപോർട്ടിൽ ഹെലികോപ്റ്ററുകളുടെയും കൊമേഴ്സ്യൽ വിമാനങ്ങളുടെയും സംയുക്ത ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടാതെ, മാർച്ച് മാസത്തിൽ പ്രധാന യു.എസ് എയർപോർട്ടുകൾക്ക് സമീപം ഹെലികോപ്റ്ററുകൾക്കായി വിഷ്വൽ ഒൺലി സെപ്പറേഷൻ ഉപയോഗിക്കുന്നതും നിരോധിച്ചിരുന്നു. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

