ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഏജന്റുമാർ വെടിവച്ചു കൊന്നത് യു.എസ് പൗരനെ; മിനസോട്ടയിൽ കടുത്ത പ്രതിഷേധം
text_fieldsലോസ് ആഞ്ചൽസ്: മിനസോട്ടയിലെ മിനിയാപൊളിസിൽ യു.എസ് ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്നത് യു.എസ് പൗരനെ തന്നെയെന്ന് പൊലീസ് മേധാവി ബ്രയാൻ ഒ ഹാര. ഇര 37 വയസ്സുള്ള ഒരു വെളുത്ത വർഗക്കാരനും മിനിയാപൊളിസ് നിവാസിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു അമേരിക്കൻ പൗരനാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും കൈവശം വെക്കാൻ അനുമതിയുള്ള നിയമപരമായ തോക്കിന്റെ ഉടമയായിരുന്നു ആ മനുഷ്യൻ എന്നും ബ്രയാൻ പറഞ്ഞു.
കുടിയേറ്റ വിരുദ്ധ ഏജൻസിയുടെ (ഐ.സി.ഇ) ആക്രമണാത്മക പ്രവർത്തനങ്ങൾ യു.എസ് സമൂഹത്തിൽ വിള്ളലുകൾ വർധിപ്പിക്കുന്നതായാണ് റിപ്പോർട്ട്. സമാധാനം പാലിക്കാൻ പൊലീസ് മേധാവി ആളുകളോട് അഭ്യർഥിച്ചു. സംഭവത്തിനെതിരെ രോഷവും നിരവധി ചോദ്യങ്ങളും ഉണ്ടെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആറിലധികം മുഖംമൂടി ധരിച്ച ഏജന്റുമാർ തങ്ങളുടെ മണ്ഡലത്തിലെ ഒരാളെ മർദിക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്യുന്നതായി കാണിക്കുന്ന വിഡിയോ താൻ കണ്ടതായി മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു.
ആക്രമണത്തിന് മുതിരുന്ന അനധികൃത വിദേശ പൗരൻമാരെ മിനിയാപൊളിസിൽ ഡി.എച്ച്.എസ് നിയമപാലകർ ലക്ഷ്യം വെച്ചതായും, ഒരു വ്യക്തി 9 എം.എം സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണുമായി യു.എസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരെ സമീപിച്ചു എന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പ്രസ്താവന.
പ്രതിയെ നിരായുധീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും പക്ഷേ, ആയുധധാരിയായ പ്രതി അക്രമാസക്തമായി ചെറുത്തുവെന്നും പ്രസ്താവനയിൽ പറഞ്ഞു. അയാളുടെ നെഞ്ചിൽ നിരവധി തവണ വെടിയേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിനസോട്ടയിൽ സംഭവിച്ചത് അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് ‘എക്‌സി’ൽ പ്രതികരിച്ചു. യു.എസ് പ്രസിഡന്റ് ഈ ഓപ്പറേഷൻ അവസാനിപ്പിക്കണമെന്നും അക്രമാസക്തരും പരിശീലനം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ മിനസോട്ടയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

