ട്രംപിന്‍റെ ഗസ്സ പുനർനിർമാണ പദ്ധതി റഫയിലെ പൈലറ്റ് പ്രോജക്റ്റിലേക്ക് ചുരുക്കിയെന്ന് റിപ്പോർട്ട്
text_fieldsതെഹ്റാൻ: ഗസ്സയിലെ പുനർനിർമാണത്തിനായി ട്രംപ് ഭരണകൂടം ആവിഷ്കരിച്ച പദ്ധതി, ഗസ്സയിലുടനീളമുള്ള വിപുലമായ പുനർനിർമാണ പ്രവർത്തനങ്ങളിൽ നിന്നും മാറി, റഫക്ക് സമീപമുള്ള ചെറിയ പൈലറ്റ് പ്രോജക്റ്റിലേക്ക് ചുരുക്കിയതായി അന്താരാഷ്ട്ര മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഗസയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന് പകരം കുടിയിറക്കപ്പെട്ട ചുരുക്കം ചില ഫലസ്തീനികൾക്കായി താൽക്കാലിക പാർപ്പിട കേന്ദ്രം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രോജക്ടിന് നിർദേശം.
പോർട്ടബിൾ വീടുകൾ, ഫലസ്തീനിയൻ പൗര ഭരണ സംവിധാനം, സുരക്ഷക്കായി പ്രാദേശിക പരിശീലനം ലഭിച്ച പൊലീസ് സേന എന്നിവ ഉൾപ്പെടുന്നതാണ് പ്രോജക്ട്. ഈ വർഷം പദ്ധതി നടപ്പിലാകാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും, റഫയിലെ പാർപ്പിട കേന്ദ്രത്തിന്‍റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. കൂടാതെ, പദ്ധതിക്ക് ആവശ്യമായ ഫണ്ട് സമാഹരണവും അനിശ്ചിതത്വത്തിലാണ്. ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള സൈനിക നടപടികൾ ഉണ്ടാകുമോ എന്ന ആശങ്ക പദ്ധതിയെ ബാധിക്കുന്നുണ്ട്. ഗസ്സയിലെ പുനർനിർമാണം രാഷ്ട്രീയ മാറ്റങ്ങളെ ആശ്രയിച്ചിരിക്കും എന്നാണ് പാശ്ചാത്യ നയതന്ത്രജ്ഞരുടെ വിലയിരുത്തൽ.
അതേസമയം,ഗസ്സയിലെ ദുരിതബാധിതരായ ഭൂരിഭാഗം ജനങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടില്ലെന്നും, ഇത് ഒരു നിയന്ത്രിത ക്യാമ്പ് പോലെയാകുമെന്നും വിമർശനങ്ങളുണ്ട്. ഗസ്സയിലെ യുദ്ധാനന്തര ഭരണം, പുനർനിർമാണം, സുരക്ഷ എന്നിവ മേൽനോട്ടം വഹിക്കുന്നതിനായി 2025 സെപ്റ്റംബറിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദ്ദേശിക്കുകയും 2026 ജനുവരിയിൽ ഔദ്യോഗികമായി രൂപീകരിക്കുകയും ചെയ്ത യു.എസ് പിന്തുണയുള്ള ഒരു സമിതിയാണിത്. 27 അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന ഈ ബോർഡിന്‍റെ അധ്യക്ഷൻ ട്രംപ് ആണ്. ഐക്യരാഷ്ട്രസഭയുടെ മുൻ പ്രതിനിധിയായ നിക്കോളായ് മ്ലാഡെനോവ് ഗസയിലെ പ്രവർത്തനങ്ങളുടെ ഹൈ റപ്രസന്‍റേറ്റീവ് ആയി പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

