ട്രംപിന്റെ ഗസ്സ സമാധാന ബോർഡ്; കൂടുതൽ രാജ്യങ്ങൾക്ക് ക്ഷണം
text_fieldsബെയ്ജിങ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന ബോർഡിലേക്ക് കൂടുതൽ രാജ്യങ്ങൾക്ക് ക്ഷണം. ബോർഡിൽ ചേരാൻ ക്ഷണം ലഭിച്ചതായി ചൈനയും ഇസ്രായേലും അറിയിച്ചെങ്കിലും പങ്കാളികളാകുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശെരീഫ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടങ്ങിയവർക്കും സമാധാന ബോർഡിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് സമാധാന ബോർഡ് പ്രഖ്യാപിച്ചത്. ഗസ്സയിലും മറ്റിടങ്ങളിലും സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള വേദിയായാണ് ട്രംപ് സമിതിയെ വിശേഷിപ്പിക്കുന്നത്.
ബ്രിട്ടൻ, ബലറൂസ്, സ്ലൊവേനിയ, തായ്ലൻഡ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾക്കും ബോർഡിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ബോർഡിൽ ചേരാനുള്ള സന്നദ്ധത ബലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ അറിയിച്ചു. അതേസമയം, തൽക്കാലം ബോർഡിൽ ചേരേണ്ടതില്ലെന്നാണ് ഫ്രാൻസിെന്റ തീരുമാനം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഉടൻ തന്നെ അധികാരത്തിൽനിന്ന് പുറത്താകാൻ പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാേക്രാണിനെ ആർക്കും ആവശ്യമില്ലെന്നായിരുന്നു ട്രംപിെന്റ പ്രതികരണം. ഫ്രാൻസിൽനിന്നുള്ള വൈനിനും ഷാംപെയ്നിനും 200 ശതമാനം തീരുവ ചുമത്തുമെന്നും അപ്പോൾ അവർ ചേർന്നോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ബോർഡിന് കഴിയുമെന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്. യു.എൻ രക്ഷാസമിതിക്ക് ബദലായി സമിതി പ്രവർത്തിക്കുമെന്ന സൂചനയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. സമിതിയിലെ അംഗ രാജ്യങ്ങളുടെ പട്ടിക അമേരിക്ക അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഗസ്സ സമാധാന കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്ന നിർവാഹക സമിതിയുടെ മേൽനോട്ടം ബോർഡിനായിരിക്കും. അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗസ്സയുടെ പുനർനിർമാണം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഏകദേശം 9100 കോടി രൂപ നൽകിയാൽ ബോർഡിൽ സ്ഥിരാംഗത്വം നേടാം.
ഗസ്സയുടെ പുനർനിർമാണത്തിനാണ് ഈ തുക ചെലവിടുകയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്നുവർഷത്തെ അംഗത്വത്തിന് സംഭാവന നൽകേണ്ടതില്ല. ഗസ്സയുടെ പുനർനിർമാണത്തിന് 4.82 ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. അതേസമയം, സമാധാന ബോർഡ് ഇസ്രായേലിന് ഗുണകരമല്ലെന്നും അത് പിരിച്ചുവിടണമെന്നും ഇസ്രായേലിലെ തീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

