ക്യൂബക്കെതിരായ ട്രംപിന്റെ ഉപരോധം തുടരും; ഡെമോക്രാറ്റുകളുടെ പ്രമേയം യു.എസ് സെനറ്റ് തള്ളി
text_fieldsവാഷിംഗ്ടൺ: ക്യൂബക്കെതിരെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഉപരോധം പിൻവലിക്കാൻ കോൺഗ്രസിന്റെ അനുമതി വേണമെന്ന ഡെമോക്രാറ്റുകളുടെ പ്രമേയം യു.എസ് സെനറ്റ് തള്ളി. ട്രംപിന്റെ വിദേശനയങ്ങളെയും യുദ്ധാധികാരങ്ങളെയും പിന്തുണക്കുന്ന നിലപാടാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങൾ സ്വീകരിച്ചത്.
വെനസ്വേലയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ തടഞ്ഞും ഉപരോധം കർശനമാക്കിയും ട്രംപ് ഭരണകൂടം ക്യൂബയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഇതേത്തുടർന്ന് ക്യൂബയിൽ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും പൂർണമായും തകരാറിലായിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുകയും മെഡിക്കൽ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തതോടെ ക്യൂബ വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പ്രമേയം അവതരിപ്പിച്ച സെനറ്റർ ടിം കെയ്ൻ ചൂണ്ടിക്കാട്ടി.
യു.എസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 47നെതിരെ 51 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ക്യൂബയുമായി നേരിട്ട് യുദ്ധത്തിലല്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു പ്രമേയത്തിന് പ്രസക്തിയില്ലെന്നായിരുന്നു റിപ്പബ്ലിക്കൻ അംഗങ്ങളുടെ വാദം. എന്നാൽ, അമേരിക്കൻ കോസ്റ്റ് ഗാർഡിനെ ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ എണ്ണക്കപ്പലുകൾ തടയുന്നത് യുദ്ധത്തിന് തുല്യമായ നടപടിയാണെന്ന് ഡെമോക്രാറ്റുകൾ വാദിച്ചു. ക്യൂബയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും സമ്പദ്‌വ്യവസ്ഥ പരിഷ്കരിക്കാനും ട്രംപ് നൽകുന്ന സമ്മർദത്തെ പിന്തുണക്കണമെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ട് ആവശ്യപ്പെട്ടത്.
ഇറാൻ യുദ്ധത്തിന് ശേഷം തന്റെ ശ്രദ്ധ ക്യൂബയിലേക്കായിരിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്യൂബയിൽ പുതിയൊരു പ്രഭാതം ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. ക്യൂബക്കെതിരെ ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന ആശങ്കയും ഡെമോക്രാറ്റുകൾക്കുണ്ട്.അമേരിക്കയും ക്യൂബയും സമാധാനപരമായ സഹവർത്തിത്വത്തിലേക്ക് നീങ്ങണമെന്ന ആവശ്യം ശക്തമാണെങ്കിലും, ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് സെനറ്റ് അംഗീകാരം നൽകിയത് ക്യൂബൻ ജനതയുടെ ദുരിതം വർധിപ്പിക്കാനേ ഇടയാക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

