ട്രംപിന്റെ പൂതി മനസ്സിലിരിക്കട്ടെ; ഇറ്റലിയല്ല, ഇറാൻ തന്നെ കളിക്കും
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇറാനു പകരം, യോഗ്യത നേടാത്ത ഇറ്റലിയെ ലോകകപ്പ് ഫുട്ബാളിൽ കളിപ്പിക്കണമെന്ന നിർദേശം മുളയിലേ നുള്ളി ഫിഫ. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാൻ ആക്രമണത്തിനിടെ, ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച ആശങ്കകൾക്കിടെയാണ് കഴിഞ്ഞ ദിവസം പുതിയൊരു വിവാദം ലോകകപ്പ് ആകാശത്ത് ഉരുണ്ടുകൂടിയത്. അമേരിക്ക-ഇറാൻ യുദ്ധം അയവില്ലാതെ തുടരവെ, അമേരിക്കയിലെ തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ സഹ ആതിഥേയരായ കാനഡ-മെക്സികോ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദേശത്തോട് ഫിഫ അനുകൂലമായല്ല പ്രതികരിച്ചത്. ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ പൗലോ സാംപോളി പുതിയൊരു വെടിപൊട്ടിച്ചത്. കളിച്ച് യോഗ്യത നേടിയ ഇറാൻ പിന്മാറുമ്പോൾ, തുടർച്ചയായി മൂന്നാം ലോകകപ്പിലും പുറത്തായ ഇറ്റലിക്ക് അവസരം നൽകണമെന്നായിരുന്നു സാംപോളിയുടെ ഉള്ളിലിരിപ്പ്. ട്രംപിനോടും ഫിഫ അധ്യക്ഷൻ ഇൻഫന്റിനോയോടും ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതായി ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെ മാധ്യമങ്ങൾ വഴി സാംപോളി സ്ഥിരീകരിച്ചു.
ഒരു ഇറ്റാലിയൻ വംശജൻ എന്ന നിലയിൽ, അമേരിക്ക വേദിയാകുന്ന ലോകകപ്പിൽ ഇറ്റലി കളിക്കുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നു. നാലുതവണ ലോകകിരീടം നേടിയ ഇറ്റലി അതിന് യോഗ്യരാണ്-സാംപോളി പറഞ്ഞു.എന്നാൽ, ഇക്കാര്യം ഫിഫ നിരസിച്ചതായാണ് റിപ്പോർട്ട്. ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ലോകകപ്പിലേക്ക് ഇറാൻ കളിക്കുമെന്ന് ഉറപ്പാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു.
ലോകകപ്പിൽ നിന്നും യോഗ്യത നേടിയ ഏതെങ്കിലും ടീം പിൻവാങ്ങിയാൽ പകരം ടീമിനെ തിരഞ്ഞെടുക്കാൻ ഫിഫക്ക് അവകാശമുണ്ട്. എന്നാൽ, അതേ വൻകരയിൽ നിന്നുള്ള ടീമിനാണ് അവസരം നൽകേണ്ടത്.ജൂണിൽ നടക്കുന്ന ലോകകപ്പിൽ ലോസ് ആഞ്ജലസിലും സിയാറ്റിലുമായാണ് ഇറാന്റെ ഗ്രൂപ് മത്സരങ്ങൾ. ജൂൺ 15ന് ന്യൂസിലൻഡ്, 21ന് ബെൽജിയം, 26ന് ഈജിപ്ത് ടീമുകളാണ് ഇറാന്റെ എതിരാളികൾ.യുദ്ധ പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ച് തങ്ങളുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇറാന് അമേരിക്കയിൽ കളിക്കാൻ എല്ലാ സുരക്ഷയും ഒരുക്കുമെന്നായിരുന്നു മാർച്ചിൽ ഇൻഫന്റിനോയുടെ മറുപടി. മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ഇത്തവണ പുറത്തിരിക്കുന്നത്. വൻകരയിൽനിന്നും യോഗ്യത നേടാതിരുന്നവർ, അവസാന േപ്ലഓഫിൽ ബോസ്നിയയോടും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

