മൂന്ന് മാസത്തിനിടെ രണ്ടാമത്തെ രാജി; അനിശ്ചിതത്വത്തിലായി ട്രംപിന്റെ എ.ഐ സുരക്ഷാ വിഭാഗം
text_fieldsരാജിവെച്ച ക്രിസ് ഫോൾ, ഡോണൾഡ് ട്രംപ്
വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എ.ഐ സുരക്ഷാ മേധാവി ക്രിസ് ഫോൾ രാജിവെച്ചു. ചുമതലയേറ്റ് മൂന്ന് മാസം തികയുന്നതിന് മുമ്പാണ് ക്രിസ് ഫോൾ രാജി സമർപ്പിച്ചത്. യു.എസ്. സെന്റർ ഫോർ എ.ഐ സ്റ്റാൻഡേർഡ്സ് ആൻഡ് ഇന്നൊവേഷന്റെ (സി.എ.ഐ.എസ്.ഐ) മേധാവിയായിരുന്നു ക്രിസ് ഫോൾ. കൊമേഴ്സ് വകുപ്പിന് കീഴിലുള്ള ഫെഡറൽ എ.ഐ ടെസ്റ്റിങ് സ്ഥാപനത്തിന്റെ തലവനായാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. രാജിവെക്കാനുണ്ടായ കാരണം ഭരണകൂടം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കോമേഴ്‌സ് വകുപ്പിൽ സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനും പർഡ്യൂ യൂനിവേഴ്സിറ്റി മുൻ എൻജിനീയറിങ് ഡീനുമായ അരവിന്ദ് രാമൻ താൽക്കാലികമായി പുതിയ മേധാവിയായി ചുമതലയേൽക്കും. അതേസമയം, എ.ഐ ഏജൻസിയിലെ പെട്ടെന്നുള്ള രാജി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ക്രിസ് ഫോളിന്റെ മുൻഗാമിയായ കോളിൻ ബേൺസ് ചുമതലയേറ്റ് ഒരാഴ്ച തികയും മുൻപ് പുറത്തുപോകേണ്ടി വന്നിരുന്നു. ട്രംപ് ഭരണകൂടവുമായി തർക്കത്തിലായ എ.ഐ സ്റ്റാർട്ടപ്പായ 'ആന്ത്രോപിക്' (Anthropic) കമ്പനിയിൽ മുമ്പ് ജോലി ചെയ്തിരുന്നു എന്ന കാരണത്താലാണ് ബേൺസിനെ ഒഴിവാക്കിയത്.
തുടർന്ന് ജൂണിൽ, ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആന്ത്രാപ്പിക്കിന്റെ ഏറ്റവും പുതിയ എ.ഐ മോഡലുകളായ 'ഫേബിൾ 5', 'മിത്തോസ്' എന്നിവക്ക് യു.എസ് സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് സുരക്ഷാ ആശങ്കകൾ പരിഹരിച്ചതിനെത്തുടർന്ന് കൊമേഴ്സ് സെക്രട്ടറി വിലക്ക് പിൻവലിക്കുകയാണുണ്ടായത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജിയുടെ (എൻ.ഐ.എസ്.ടി) കീഴിൽ പ്രവർത്തിക്കുന്ന സി.എ.ഐ.എസ്.ഐ, നൂതന എ.ഐ മോഡലുകളുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിർണയിക്കുന്നതിനും സൈബർ സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിനും ഉത്തരവാദപ്പെട്ട സ്ഥാപനമാണ്. എന്നാൽ, ഭരണകൂടത്തിന്റെ പല പ്രധാന എ.ഐ തീരുമാനങ്ങളിലും ഏജൻസി തഴയപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ ഏജൻസികളിലെ സൈബർ സുരക്ഷാ വീഴ്ചകൾ പരിശോധിക്കാൻ വൈറ്റ് ഹൗസ് 'ഗോൾഡ് ഈഗിൾ' എന്ന പേരിൽ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടെങ്കിലും, ഇതിൽ സി.എ.ഐ.എസ്.ഐയെ ഉൾപ്പെടുത്തിയിരുന്നില്ല. ചൈനീസ് എ.ഐ ലാബായ മൂൺഷോട്ടിന്റെ (Moonshot) പുതിയ 'കിമി കെ3' (Kimi K3) മോഡലിന്റെ കടന്നുവരവും ആഗോളതലത്തിൽ യു.എസിന് പുതിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ചൈനീസ് ഓപ്പൺ-വെയിറ്റ് എ.ഐ മോഡലുകളെ നിയന്ത്രിക്കാനുള്ള വഴികൾ ട്രംപ് ഭരണകൂടം തേടുമ്പോൾ, യു.എസ് കമ്പനികളെ സഹായിക്കാനാണോ എന്ന വിമർശനവും വ്യവസായ രംഗത്തുനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

