ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; യൂറോപ്യൻ നേതാക്കളും പങ്കുചേരും
text_fieldsകിയവ്: തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോൾ യൂറോപ്യൻ നേതാക്കളും ചേരുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയെൻ പറഞ്ഞു. യുക്രെയ്നുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഉറച്ച പിന്തുണകൂടിയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നതെന്ന് അവർ പറഞ്ഞു. മറ്റു യൂറോപ്യൻ നേതാക്കളും ചർച്ചയിൽ സംബന്ധിക്കുമെന്ന് അവർ എക്സിൽ സൂചിപ്പിച്ചെങ്കിലും ഏതൊക്കെ നേതാക്കളെന്ന് വ്യക്തമാക്കിയില്ല.
അതിനിടെ യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡ്റിച് മെർസ് എന്നിവർ ഞായറാഴ്ച വിഡിയോയിലൂടെ കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച യൂറോപ്യൻ നേതാക്കൾ റഷ്യ കൂട്ടക്കൊല അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.
‘‘ഇപ്പോൾതന്നെ ഉപരോധം റഷ്യൻ സമ്പദ് വ്യവസ്ഥയെയും ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇനിയും തിരുത്തിയില്ലെങ്കിൽ ഉപരോധം ശക്തമാക്കും. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെകൂടി കേൾക്കാതെ ഒരു മധ്യസ്ഥശ്രമവും ഫലപ്രദമാകില്ല. യുക്രെയ്ൻ നാറ്റോയിൽ ചേരണോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ടതാണ്. ഒരു പരമാധികാര രാജ്യത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല. അന്താരാഷ്ട്ര അതിർത്തികൾ ബലപ്രയോഗത്തിലൂടെ മാറ്റാനും പാടില്ല’’ -യുക്രെയ്നിന്റെ കുറച്ചുഭാഗം റഷ്യക്ക് വിട്ടുകൊടുത്തുള്ള മധ്യസ്ഥ നീക്കം സൂചിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

