ട്രംപും സെലെൻസ്കിയും തമ്മിൽ നിർണായക കൂടിക്കാഴ്ച; യുക്രെയ്നിൽ പാട്രിയറ്റ് മിസൈലുകൾ നിർമിക്കാൻ അനുമതി നൽകി അമേരിക്ക
text_fieldsവ്ലോദിമിർ സെലെൻസ്കി,
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ചർച്ചയിൽ, റഷ്യയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതും പാട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമിക്കാൻ യുക്രെയ്ന് അനുമതി നൽകുന്നതുമാണ് പ്രധാന വിഷയങ്ങളായത്. കൂടിക്കാഴ്ചക്ക് ശേഷം, യുക്രെയ്ന്റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒരാളായിരുന്ന അന്തരിച്ച യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സംസ്കാര ചടങ്ങുകളിൽ ഇരു നേതാക്കളും പങ്കെടുത്തു.
റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ യുക്രെയ്ന് കൂടുതൽ അത്യാധുനിക ആയുധങ്ങൾ ആവശ്യമാണെന്ന് സെലെൻസ്കി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇറാൻ-റഷ്യൻ നിർമിത ഡ്രോണുകളെ തകർക്കാൻ തങ്ങളുടെ പക്കൽ നിലവിൽ സംവിധാനങ്ങളുണ്ടെങ്കിലും, റഷ്യയുടെ ബാലിസ്റ്റിക് മിസൈലുകൾ വലിയ ഭീഷണിയാണെന്ന് സെലെൻസ്കി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സ്വന്തം മണ്ണിൽ പാട്രിയറ്റ് മിസൈലുകൾ നിർമിക്കാനുള്ള ലൈസൻസ് അമേരിക്ക യുക്രെയ്ന് നൽകുന്നത്. ഇക്കാര്യം ട്രംപ് സമ്മതിച്ചതായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനുമായി സെലെൻസ്കി ചർച്ചകൾ നടത്തിയിട്ടുണ്ട്. എത്രയും വേഗം മിസൈൽ നിർമാണം ആരംഭിക്കാനാണ് യുക്രെയ്ന്റെ നീക്കം.
അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കും അമേരിക്കൻ സന്ദർശനത്തോടെ വേഗം കൂടിയിരിക്കുകയാണ്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും ആദ്യമായി യുക്രെയ്ൻ സന്ദർശിക്കാൻ സമ്മതിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇവർ പലതവണ റഷ്യ സന്ദർശിക്കുകയും വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായും യു.എസ് സെനറ്റർമാരുമായും സെലെൻസ്കി കൂടിക്കാഴ്ചകൾ നടത്തി. റഷ്യക്കെതിരായ പുതിയ ഊർജ്ജ ഉപരോധ ബില്ലിന്മേൽ സെനറ്റിൽ നടന്ന നിർണായക വോട്ടെടുപ്പിനും സെലെൻസ്കി സാക്ഷ്യം വഹിച്ചു. അടുത്തിടെ അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം ശക്തമായി വാദിച്ചിരുന്ന ഈ ബിൽ, യുദ്ധത്തിനായി ഫണ്ട് സ്വരൂപിക്കുന്ന റഷ്യൻ സാമ്പത്തിക സ്രോതസ്സുകളെ വലിയ രീതിയിൽ തകർക്കുമെന്നാണ് കരുതുന്നത്.
ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ തുടക്കത്തിൽ ട്രംപും സെലെൻസ്കിയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, റഷ്യയുടെ എണ്ണ വ്യവസായങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുനേതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുകയായിരുന്നു. എന്നാൽ ഇതെല്ലാം നടക്കുമ്പോഴും, യുക്രെയ്നുള്ള 400 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം 2029 സാമ്പത്തിക വർഷം വരെ പൂർണമായി നൽകില്ലെന്നാണ് പെന്റഗണിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

