ഇറാനെതിരെ ‘അനന്തമായ യുദ്ധത്തിന്’ ഇല്ലെന്ന് ജെഡി വാൻസ്
text_fieldsവാഷിങ്ടൺ: ഇറാൻ സംഘർഷം ഒരു ‘അനന്തമായ യുദ്ധമായി’ മാറാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിക്കില്ലെന്ന അവകാശവാദവുമായി വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഫെബ്രുവരിയിൽ ഇസ്രായേലിനൊപ്പം ചേർന്ന് ട്രംപ് ആരംഭിച്ച ഈ സൈനിക നീക്കം രണ്ട് വർഷം തികക്കാൻ ഭരണകൂടം അനുവദിക്കില്ലെന്നും, അമേരിക്കൻ ജനത ആഗ്രഹിക്കുന്നത് അതല്ലെന്നും വാൻസ് വ്യക്തമാക്കി.
തിങ്കളാഴ്ച ആയിരക്കണക്കിന് അധിക സൈനികരുമായി ‘യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്’ കപ്പൽ പശ്ചിമേഷ്യയിൽ എത്തിയതിനും, കൂടുതൽ സൈനിക നടപടികളെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതിനുമിടയിലാണ് വൈസ് പ്രസിഡന്റിന്റെ ഈ പ്രസ്താവന. സെപ്റ്റംബറിൽ സാൻ ഡീഗോയിൽ നിന്ന് പുറപ്പെട്ട ‘തിയോഡോർ റൂസ്‌വെൽറ്റ്’, മേഖലയിലുള്ള ‘യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്’, ‘യു.എസ്.എസ് ജോർജ് വാഷിങ്ടൺ’ എന്നീ വിമാനവാഹിനിക്കപ്പലുകൾക്കും മറ്റ് ചെറിയ നാവികസേനാ കപ്പലുകൾക്കുമൊപ്പമാണ് ചേർന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി, യുദ്ധം ‘ഫലത്തിൽ അവസാനിച്ചു’ എന്ന് ആവർത്തിക്കുമ്പോഴും ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനെക്കുറിച്ച് ട്രംപ് ചാഞ്ചാട്ടത്തിലായിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ, ജനപ്രീതിയില്ലാത്ത ഈ യുദ്ധത്തിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്ന വാൻസ്, ‘ഇനി അനന്തമായ യുദ്ധങ്ങളില്ല’എന്നാണ് ഭരണകൂടം ജനങ്ങൾക്ക് നൽകിയ വാഗ്ദാനമെന്ന് ഓർമിപ്പിച്ചു. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന വാൻസ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ തകർച്ചക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഇതൊരു അനന്തമായ യുദ്ധമായി മാറാൻ ട്രംപ് അനുവദിക്കില്ല. അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എന്നെ എത്ര വേണമെങ്കിലും ആക്രമിക്കാം. കാരണം, ഇനി അനന്തമായ യുദ്ധങ്ങൾ നടത്തില്ലെന്ന് പറഞ്ഞാണ് ഞങ്ങൾ അധികാരത്തിലെത്തിയത്. ഇറാന്റെ ആണവ പദ്ധതി അമേരിക്കക്ക് ഭീഷണിയാണെന്നും അത് നശിപ്പിക്കണമെന്നും പ്രസിഡന്റിന് തോന്നി എന്നത് ശരിയാണ്. എന്നാൽ, നവയാഥാസ്ഥിതികരും മറ്റ് പലരും ഞങ്ങൾ അവിടെ എന്നെന്നേക്കുമായി തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇത് പത്തോ, 15ഓ വർഷത്തെ ബാധ്യതയാകാനോ, സത്യം പറഞ്ഞാൽ രണ്ട് വർഷം പോലും നീണ്ടുനിൽക്കാനോ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ അവിടെ എന്നെന്നേക്കുമായി നിൽക്കില്ല. അങ്ങനെ ചെയ്യില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തതാണ്. മികച്ച ഫലങ്ങളോടെ പ്രസിഡന്റ് ഞങ്ങളെ ഇതിൽ നിന്ന് പുറത്തെത്തിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്’-അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനെതിരെ ജനവികാരം
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള പുതിയ കോൺഗ്രസ് നിയമനിർമാണം നടത്തണമെന്ന് 71 ശതമാനം അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു സർവേ വ്യക്തമാക്കുന്നു. 93 ശതമാനം ഡെമോക്രാറ്റുകളും 51 ശതമാനം റിപ്പബ്ലിക്കൻ അനുഭാവികളും യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുകാരാണ്.

