ട്രംപ് ബലാത്സംഗം ചെയ്തു; ആരോപണവുമായി യു.എസ് എഴുത്തുകാരി
text_fieldsവാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോൾ. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് ട്രംപ് ബലാത്സംഗം ചെയ്തെന്നും തന്നെ അപമാനിച്ചെന്നും ജീൻ കരോൾ വെളിപ്പെടുത്തിയത്.
30 വർഷം മുമ്പ് മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തെന്നാണ് എല്ലെ മാഗസിൻ കോളമിസ്റ്റായിരുന്ന 79കാരിയുടെ ആരോപണം. ഡ്രസിങ് റൂമിൽ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് ഭയന്നാണ് താൻ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കി. തന്റെ ആരോപണത്തെ കള്ളം, തട്ടിപ്പ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും ഓർമക്കുറിപ്പ് വിറ്റഴിക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപിക്കുകയും ചെയ്ത് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും കരോൾ പറയുന്നു.
1996ലാണ് കേസിനാസ്പദമായ സംഭവം. 2019ൽ തന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ ന്യൂയോർക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് കരോൾ ആദ്യമായി ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ, ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല. അതേസമയം, ജീൻ കരോളിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും പറയുന്നത് കള്ളമാണെന്നും ട്രംപ് പ്രതികരിച്ചു. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ട്രംപിന്റെ അഭിഭാഷകൻ വാദിച്ചു.
അവിഹിതബന്ധം പുറത്തുപറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അമേരിക്കയിലെ മാൻഹട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോൺതാരം സ്‌റ്റോമി ഡാനിയൽസിന് 1.30 ലക്ഷം യു.എസ് ഡോളർ (ഏകദേശം 1.06 കോടി രൂപ) നൽകിയെന്ന കേസിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.