റഷ്യ-യുക്രെയ്ൻ സംഘർഷം തുടർന്നാൽ മൂന്നാം ലോകമഹായുദ്ധം -ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷം ആഗോളയുദ്ധമായി വളരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഈ രീതിയിൽ സംഘർഷം മുന്നോട്ട് പോയാൽ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്നിൽ സമാധാനമുണ്ടാക്കാനുള്ള നീക്കങ്ങളുമായി യു.എസ് മുന്നോട്ട് പോകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
കൊലപാതകങ്ങൾ ഇല്ലാതാക്കാനാണ് എന്റെ ശ്രമം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 25,000 പേരാണ്. ഇതിൽ ഭൂരിപക്ഷവും സൈനികരാണ്. ഒരു മാസത്തിൽ ഇത്രയും സൈനികർ കൊല്ലപ്പെട്ടു. അത് നിർത്താനാണ് എന്റെ ശ്രമം. അതിന് വേണ്ടി കഠിനമായി ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.എല്ലാവരും ഇൗ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഇത് മൂന്നാം ലോകമഹായുദ്ധത്തിലാണ് അവസാനിക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ മൂലം പ്രസിഡന്റ് ട്രംപ് ക്ഷീണിതനാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് പറഞ്ഞു. സമാധാനം നിലനിർത്താനുള്ളശ്രമങ്ങൾ തുടരുകയാണ്. ട്രംപ് യുറോപ്യൻ നേതാക്കളുമായി ചർച്ച തുടരുകയാണ്. ഇതിന് വേണ്ടി സ്റ്റീവ് വിറ്റ്കോഫിനേയും നിയമിച്ചിട്ടുണ്ടെന്ന് യു.എസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, റഷ്യക്ക് ഒരിഞ്ച് ഭൂമിപോലും തങ്ങൾ വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. ‘ഞങ്ങൾ ഒന്നും വിട്ടുകൊടുക്കാൻ പോകുന്നില്ല. സന്ധിയുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. കുറെ ഭൂപ്രദേശങ്ങൾ ഞങ്ങൾ വിട്ടുകൊടുക്കണമെന്ന് റഷ്യ ശഠിക്കുന്നുമുണ്ട്. എന്നാൽ, യുക്രെയ്ന്റെ നിയമപ്രകാരവും ഭരണഘടന പ്രകാരവും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരവും ഞങ്ങൾക്കതിന് അവകാശമില്ല’’ എന്ന് കഴിഞ്ഞ ദിവസം സെലൻസ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

