Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരെ കടുത്ത...

ഇറാനെതിരെ കടുത്ത നീക്കത്തിന് ട്രംപ്?, ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്ന് മുന്നറിയിപ്പ്

text_fields
bookmark_border
ഇറാനെതിരെ കടുത്ത നീക്കത്തിന് ട്രംപ്?, ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്ന് മുന്നറിയിപ്പ്
cancel

തെഹ്റാൻ: താൽക്കാലിക വെടിനിർത്തലിനിടയിലും ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് യു.എസ് മുതിരുന്നതായി സൂചന. മേഖലയിലെ നിലവിലെ സാഹചര്യത്തെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് തന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഈ പ്രതികരണം.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു എ.ഐ നിർമിത ചിത്രത്തിലൂടെയാണ് ട്രംപ് പരോക്ഷ ഭീഷണി ഉയർത്തിയത്. ‘മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ തൊപ്പി ധരിച്ച ട്രംപും കൂടെയൊരു യു.എസ്. നേവി അഡ്മിറലും യുദ്ധക്കപ്പലിൽ നിൽക്കുന്നതാണ് ചിത്രം. പശ്ചാത്തലത്തിൽ ഇരമ്പിയാർക്കുന്ന കടലും മിന്നൽപ്പിണരുകളും ഇറാനിയൻ കപ്പലുകളും കാണാം.

നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക ശക്തിപയോഗിച്ച് ഇറാനെ നേരിടാൻ ട്രംപ് ഒരുങ്ങുകയാണെന്നും വ്യോമാക്രമണത്തിനുള്ള പദ്ധതികൾ ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ലോകത്തെ പ്രമുഖ എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുകയാണ്. സമാധാന കരാർ ഉടൻ ഉണ്ടായില്ലെങ്കിൽ ഇറാന് അത് ‘വളരെ മോശം സമയമായിരിക്കും’ എന്ന് ഫ്രഞ്ച് മാധ്യമമായ ബി.എഫ്.എം.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, പുതിയ ചർച്ചകൾക്ക് ട്രംപ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി സ്ഥിരീകരിച്ചെങ്കിലും, വാഷിങ്ടണിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങളിൽ ഇപ്പോഴും അവിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം പൂർത്തിയാക്കി യു.എസിന്റെ ഭീമൻ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ്'’മടങ്ങിയെങ്കിലും മേഖലയിൽ യു.എസ് നാവികസേന ഇപ്പോഴും ശക്തമായ സാന്നിധ്യം തുടരുന്നുണ്ട്.

ഇറാന്റെ ആണവമോഹങ്ങളും ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണവും സംബന്ധിച്ച് പാകിസ്താന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ മാസം നടന്ന ചർച്ചകൾ സമവായമാകാതെ പിരിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുയി ചർച്ച നടത്തി.

വരും ദിവസങ്ങളിൽ ഷി ജിൻപിങ് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇറാന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയായ ചൈനക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഇറക്കുമതി അത്യന്താപേക്ഷിതമാണ്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്താൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ സന്ദർശനത്തിന് പിന്നാലെ പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വിയും ചർച്ചകൾക്കായി തെഹ്റാനിൽ എത്തിയിട്ടുണ്ട്.

എന്നാൽ, തങ്ങൾ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കാതെ മറ്റ് യാതൊരു നീക്കവും ഫലം കാണില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചാക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace talkIran-USDonald TrumpTRUTH Social
News Summary - Trump Warns Iran of Possible Attack
Next Story