ഇന്ത്യയടക്കം ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്‍റെ ഭീഷണി; ഡോളറിനെ മാറ്റാൻ ശ്രമിച്ചാൽ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന്
text_fieldsവാഷിങ്ടൺ: ഇന്ത്യയടക്കം ബ്രിക്സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബല കറൻസിയായ യു.എസ് ഡോളറിനെ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണിപ്പെടുത്തി. ട്രംപിന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആഗോള വ്യാപാരത്തിൽ യു.എസ് ഡോളറിന്‍റെ പങ്ക് ബ്രിക്‌സ് രാജ്യങ്ങൾ നിലനിർത്തണമെന്നും അല്ലെങ്കിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യ, ചൈന, റഷ്യ, യു.എ.ഇ., ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ബ്രിക്സ് സംഖ്യം വർഷങ്ങളായി യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചർച്ചകളുയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഭീഷണി.
ബ്രിക്സ് രാജ്യങ്ങൾ ഡോളറിൽനിന്ന് മാറാൻ ശ്രമിക്കുന്നത് നമ്മൾ നോക്കിനിൽക്കുന്ന സമയം അവസാനിച്ചു. ഈ ശത്രുതയുണ്ടെന്ന് തോന്നുന്ന രാജ്യങ്ങളിൽ നിന്ന് നമ്മൾക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്. അവർ ഒരു പുതിയ ബ്രിക്സ് കറൻസിയും സൃഷ്ടിക്കാൻ പോകുന്നില്ല. അവർ 100 ശതമാനം താരിഫുകൾ നേരിടേണ്ടിവരും. അല്ലെങ്കിൽ അമേരിക്കൻ വിപണിയോട് ഗുഡ്ബൈ പറയേണ്ടിവരും. അവർക്ക് മറ്റൊരു രാഷ്ട്രം കണ്ടെത്തേണ്ടി വരും. അന്താരാഷ്‌ട്ര വ്യാപാരത്തിലോ മറ്റെവിടെയെങ്കിലുമോ യു.എസ് ഡോളറിനെ ബ്രിക്‌സ് മാറ്റിസ്ഥാപിക്കാൻ ഒരു സാധ്യതയുമില്ല -ട്രംപ് പറഞ്ഞു.
യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ബ്രിക്‌സ് സാമ്പത്തിക സഹകരണം കൂടുതൽ ശക്തമായിരുന്നു. ബ്രിക്സിന് ഒരു പൊതു കറൻസി ഇല്ലെങ്കിലും അംഗ രാജ്യങ്ങൽ പ്രാദേശിക കറൻസികളിൽ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

