ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്: ‘മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല’
text_fieldsഗസ്സ: ഗസ്സയെ അമേരിക്ക സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്. ട്രംപിേന്റത് ഗസ്സയിൽ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയിലെ ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന ട്രംപിന്റെ ഭീഷണി വീണ്ടും ആവർത്തിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രസ്താവന. “മേഖലയിൽ കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനുള്ള കുറിപ്പടിയായി ഞങ്ങൾ ഇതിനെ കണക്കാക്കുന്നു. ഈ നീക്കം നടപ്പാക്കാൻ ഗസ്സയിലെ നമ്മുടെ ജനത അനുവദിക്കില്ല” -പ്രസ്താവനയിൽ പറഞ്ഞു.
“നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുകയല്ല. ഗസ്സൻ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവർ അവരുടെ നാട്ടിൽ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല’ -ഹമാസ് വ്യക്തമാക്കി.
ഗസ്സയെ അമേരിക്ക സ്വന്തമാക്കുകയും അവശിഷ്ടങ്ങൾ നീക്കി സ്ഥലം നിരപ്പാക്കുകയും ചെയ്യുമെന്നാണ് അമേരിക്ക സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ‘ഗസ്സ മുനമ്പ് യു.എസ് ഏറ്റെടുക്കും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ചെയ്യും’ എന്ന് പറഞ്ഞ ട്രംപ് ഗസ്സക്കാർ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും അവരെ ജോർഡനും ഈജിപ്തും ഏറ്റെടുക്കണമെന്നും ആവർത്തിച്ചു.
“ഞങ്ങൾ ഗസ്സ സ്വന്തമാക്കും. സ്ഥലത്തെ എല്ലാ അപകടകരമായ പൊട്ടാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നീക്കും. സ്ഥലം നിരപ്പാക്കുന്നതിനും തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കും. പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നിർമിച്ചു നൽകുന്ന സാമ്പത്തിക വികസനം യുഎസ് സൃഷ്ടിക്കും’ -ട്രംപ് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഫലസ്തീനികളെയും മാറ്റിപ്പാർപ്പിച്ചാൽ ഗസ്സയിൽ ആരൊക്കെ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, “ലോകത്തിലെ ഏത് രാജ്യത്തുള്ള ജനങ്ങൾക്കും ഗസ്സയിൽ താമസിക്കാൻ കഴിയുമെന്ന് താൻ സങ്കൽപ്പിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ മറുപടി. “ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രതിനിധികൾ അവിടെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, അവർ അവിടെ താമസിക്കും. പലസ്തീനികളും അവിടെ താമസിക്കും. നിരവധി ആളുകൾ അവിടെ താമസിക്കും. ഫലസ്തീനികളെ അയൽ രാജ്യങ്ങളിലേക്ക് മാറ്റിയാൽ അവർക്ക് സമാധാനത്തോടെ മെച്ചപ്പെട്ട സാഹചര്യത്തിൽ അവിടങ്ങളിൽ (ഈജിപ്തിലും ജോർഡനിലും) ജീവിക്കാൻ കഴിയും. അവർ ഇപ്പോൾ നരകത്തിലാണ് ജീവിക്കുന്നത്. ആ ആളുകൾക്ക് അവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയും” -അദ്ദേഹം പറഞ്ഞു.
ഗസ്സയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ‘ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗസ്സയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഫലസ്തീൻകാരെ സ്വീകരിക്കണം’ -ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർഡൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അതേസമയം, ഇസ്രായേലിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് നെതന്യാഹു പ്രതികരിച്ചു. ട്രംപിന്‍റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി. ‘ജൂത രാഷ്ട്രത്തോടും ജൂത ജനതയോടുമുള്ള നിങ്ങളുടെ സൗഹൃദത്തിനും പിന്തുണയ്ക്കും തെളിവാണിത്. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവുമാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചത്’ -നെതന്യാഹു പറഞ്ഞു. അമേരിക്ക തടഞ്ഞുവെച്ച യുദ്ധോപകരണങ്ങൾ ഇസ്രായേലിന് വിട്ടുനൽകാൻ ഉത്തരവിട്ട ട്രംപിന് നെതന്യാഹു നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.