Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീൻ അനുകൂല...

ഫലസ്തീൻ അനുകൂല വിദ്യാർഥികളെ ലക്ഷ്യമിട്ട് ട്രംപ്; വിദ്യാർഥി വിസ റദ്ദാക്കുന്ന വിവാദ ഉത്തരവിൽ ഒപ്പുവെച്ചു

text_fields
bookmark_border
ഫലസ്തീൻ അനുകൂല വിദ്യാർഥികളെ ലക്ഷ്യമിട്ട് ട്രംപ്; വിദ്യാർഥി വിസ റദ്ദാക്കുന്ന വിവാദ ഉത്തരവിൽ ഒപ്പുവെച്ചു
cancel

വാഷിംങ്ടൺ: ഫലസ്തീൻ അനുകൂല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വിസ റദ്ദാക്കുന്ന വിവാദ ഉത്തരവിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വംശഹത്യയുടെ അനുഭാവിയായ ട്രംപിന്റെ സ്വേച്ഛാധിപത്യത്തിലേക്കുള്ള അപകടകരമായ ചുവടുവെപ്പെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമ വിദഗ്ധരും ആക്ടിവിസ്റ്റുകളും ഈ നീക്കത്തെ വിമർശിച്ചു.

ഗസ്സയിലെ ഇസ്രായേലിന്റെ നടപടികൾക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആരുടെയും വിദ്യാർത്ഥി വിസ റദ്ദാക്കാൻ ഈ ഉത്തരവ് പര്യാപ്തമാവും. ഹമാസ് അനുഭാവികളെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഉത്തരവ്, യു.എസി​ലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി പരക്കെ അപലപിക്കപ്പെട്ടു.

‘2023 ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനുശേഷം നമ്മുടെ കാമ്പസുകളിലും തെരുവുകളിലും യഹൂദവിരുദ്ധ പ്രക്ഷോഭത്തെ ചെറുക്കുന്നതിന് ശക്തവും അഭൂതപൂർവവുമായ നടപടികൾ സ്വീകരിക്കും. ‘ജിഹാദിസ്റ്റ്’ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ വിദേശികളോടും ഞങ്ങൾ അറിയിക്കുന്നു. 2025 വരുന്നു. ഞങ്ങൾ നിങ്ങളെ കണ്ടെത്തി നാടുകടത്തും’ -യു.എസ് ഭരണകൂടം പുറത്തുവിട്ട പ്രസ്താവനയിൽ മുന്നറിയിപ്പു നൽകുന്നു.

‘ലഭ്യവും ഉചിതമായതുമായ എല്ലാ നിയമ ഉപകരണങ്ങളും’ ഉപയോഗിച്ച് നിയമവിരുദ്ധമായ ആന്റിസെമിറ്റിക് പീഡനത്തിന്റെയും അക്രമത്തിന്റെയും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ നാടു കടത്തുന്നതിനോ അല്ലെങ്കിൽ മാറ്റിനിർത്തുന്നതിനോ ഉടനടി നടപടിയെടുക്കുമെന്ന് ഉത്തരവിൽ പ്രതിജ്ഞ ചെയ്യുന്നു.

ഉത്തവിന്റെ മൂന്നാം ഭാഗത്തിൽ കാമ്പസ് വിരുദ്ധതയെ ചെറുക്കുന്നതിന് പ്രത്യേക നടപടികൾ നിർദേശിക്കുന്നു. യഹൂദവിരുദ്ധതയെ ചെറുക്കാൻ ഉപയോഗിക്കാവുന്ന എല്ലാ സിവിൽ, ക്രിമിനൽ അധികാരങ്ങളും 60 ദിവസത്തിനുള്ളിൽ വൈറ്റ് ഹൗസിന് ശിപാർശ ചെയ്യാൻ ഏജൻസി മേധാവികളോട് ആവശ്യപ്പെടുന്നു.

കെ-12 സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെട്ട കോടതി കേസുകളും ഫലസ്തീൻ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട പൗരാവകാശ ലംഘനങ്ങളും സംബന്ധിച്ച പൂർണമായ റി​പ്പോർട്ട് സമർപ്പിക്കാൻ അറ്റോർണി ജനറൽമാരോടും ഉത്തരവിൽആവശ്യപ്പെടുന്നു.

കോളജ് കാമ്പസുകളിലെ എല്ലാ ഹമാസ് അനുഭാവികളുടെയും സ്റ്റുഡന്റ് വിസ എത്രയും പെട്ടെന്ന് റദ്ദാക്കും എന്ന നേരിട്ടുള്ള ഉത്തരവ്, കഴിഞ്ഞ വർഷം യു.എസ് കോളജ് കാമ്പസുകളിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത അന്തർദേശീയ വിദ്യാർഥികൾക്കിടയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് (സി.എ.ആർ) ഉത്തരവിനെ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഫലസ്തീനികളുടെ മാനവികതക്കും നേരെയുള്ള സത്യസന്ധമല്ലാത്തതും അതിരുകടന്നതും നടപ്പിലാക്കാൻ കഴിയാത്തതുമായ ആക്രമണം എന്ന് വിശേഷിപ്പിച്ചു. ഒരു എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ഒരു പ്രസിഡന്റിനും തുടച്ചുമാറ്റാൻ കഴിയാത്ത നമ്മുടെ ഭരണഘടനയുടെ മൂലക്കല്ലാണ് സംസാര സ്വാതന്ത്ര്യം. അതിന്റെ ഭാഗമായ പ്രതിഷേധങ്ങൾ അതിശയകരമാംവണ്ണം സമാധാനപരമായിരുന്നുവെന്നും അത് കൂട്ടിച്ചേർത്തു.

വിദ്യാർഥികളെ കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ടുചെയ്യാനുമുള്ള ബാധ്യത ചുമത്താനുള്ള ഫെഡറൽ ശ്രമങ്ങൾ അഭൂതപൂർവമായതും ഗുരുതരമായ നിയമപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതുമാണെന്ന വിമർശനമുയർന്നിട്ടുണ്ട്.

ഈ നടപടികൾ കാമ്പസുകളിലെ നിരവധി വിദ്യാർഥികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ടെങ്കിലും എന്നാൽ, നിർദേശം ഭരണഘടന സംരക്ഷിച്ചിരിക്കുന്ന ‘സംസാര അവകാശ സ്വാതന്ത്ര്യം’ ലംഘിക്കുന്നതിന് നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.

അതേസമയം, യഹൂദവിരുദ്ധതയെ ശക്തമായി ചെറുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയെ അമേരിക്കൻ ജൂത കമ്മിറ്റി (എ.സി.ജെ) സ്വാഗതം ചെയ്തു. ‘സുപ്രീംകോടതി നിർവചിച്ചിരിക്കുന്നതും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നതുമായ നിയുക്ത ഭീകര സംഘടനകൾക്ക് ഭൗതിക പിന്തുണയോ വിഭവങ്ങളോ നൽകുന്നതായി കണ്ടെത്തിയിട്ടുള്ള സ്റ്റുഡന്റ് വിസ ഉടമകൾ വ്യക്തമായും നിയമ ലംഘകരാണ്. അതിനാൽ അവർക്ക് ഈ രാജ്യത്ത് ആ പദവിക്ക് യോഗ്യരല്ല’ -എ.ജെ.സി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പല ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരും ഹമാസിനെ പിന്തുണക്കുന്നുവെന്നത് നിഷേധിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയാണ് തങ്ങൾ പ്രകടനം നടത്തുന്നത്. അതിൽ 47,000ത്തിലധികം ആളുകളെ കൊന്നൊടുക്കിയതായി അവർ പറഞ്ഞു.
കാലിഫോർണിയ സർവകലാശാലയിലെ 10കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികളെ പ്രതിനിധീകരിച്ച് പുറത്തുവന്ന കത്തിൽ, ട്രംപിന്റെ ഉത്തരവ് ഫലസ്തീൻ അനുകൂല വാദത്തെ ആന്റിസെമിറ്റിസവുമായി തെറ്റായി സംയോജിപ്പിച്ചതായും വിദ്യാർഥി സമൂഹത്തിനുമേൽ സെൻസർഷിപ്പിന്റെ ഭയാനകമായ മാതൃക സ്ഥാപിച്ചതായും വിദ്യാർഥികൾ വാദിച്ചു.

മുമ്പ് സംരക്ഷിച്ചിരുന്ന പള്ളികൾ, സ്‌കൂളുകൾ, കോളജ് കാമ്പസുകൾ എന്നിവയുൾപ്പെടെ ‘സെൻസിറ്റീവ് ലൊക്കേഷനുകളിൽ’ റെയ്ഡ് നടത്താൻ ഈ മാസം ആദ്യം ഇമിഗ്രേഷൻ ഓഫിസർമാരെ അനുവദിച്ചുകൊണ്ട്, നിയമനിർമാണം പാസാക്കിയതിനുശേഷം വിസ അസാധുവാക്കി വിദ്യാർഥികളെ നീക്കം ചെയ്യുമെന്ന ഭീഷണി ട്രംപ് ഭരണകൂടം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student visaDonald Trumpstudy in USPro Palestine protesters
News Summary - Trump vows to revoke student visas of pro-Palestine protesters
Next Story