ആയുധശേഖരം കുറഞ്ഞിട്ടില്ല, വിവരങ്ങൾ ചോർത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ്
text_fieldsയു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: പെന്റഗണിന്റെ മിസൈൽ അടക്കമുള്ള ആയുധശേഖരം തീരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പക്കൽ വൻതോതിൽ ആയുധശേഖരമുണ്ടെന്നും ഉൽൽപാദനം അതിവേഗം വ്യാപിപ്പിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, രഹസ്യ വിവരങ്ങൾ ചോർത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, പെന്റഗണിൽ വിവാദങ്ങൾ കനക്കുന്നതിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതുമായി കടുത്ത ഭാഷയിൽ സംസാരിച്ചതായി ട്രംപ് ആദ്യമായി തുറന്നുസമ്മതിച്ചു.
പെന്റഗണിന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചത്.
‘പ്രത്യേക തരം ആയുധങ്ങൾ ഉൾപ്പെടെ വൻതോതിലുള്ള വെടിക്കോപ്പുകൾ യു.എസിന്റെ പക്കലുണ്ട്. ആവശ്യാനുസരണം വലിയ അളവിൽ ആയുധങ്ങൾ നിർമിച്ച് അമേരിക്കയിലേക്ക് എത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം പ്രതിരോധ കമ്പനികൾ വലിയ തോതിൽ പ്ലാന്റുകളും ഫാക്ടറികളുമാണ് നിർമിക്കുന്നത്’ - ട്രംപ് കുറിച്ചു.
സൈനിക രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഇത്തരം രാജ്യദ്രോഹപരമായ പ്രസ്താവനകൾ നടത്തുന്ന ചോർത്തലുകാരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ ദീർഘകാല തടവുശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിന്റെ രാജി ആവശ്യപ്പെടൽ ശക്തമാകുന്നതിനിടെയാണ് അദ്ദേഹവുമായി അടച്ചിട്ട മുറിയിൽ ഗൗരവതരമായ സംഭാഷണം നടത്തിയതായി ട്രംപ് വെളിപ്പെടുത്തിയത്. ‘ദി അറ്റ്ലാന്റിക്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ഞാൻ അദ്ദേഹവുമായി സംസാരിച്ചു. അതൊരു പോസിറ്റീവായ സംഭാഷണമായിരുന്നു. എങ്കിലും ഞാൻ കാര്യങ്ങൾ സംസാരിക്കുക തന്നെ ചെയ്തു. അദ്ദേഹം കാര്യങ്ങൾ ശരിയാക്കി കൊണ്ടുവരുമെന്നാണ് ഞാൻ കരുതുന്നത്. ഇതിനുപുറമേ, തന്റെ ജീവനക്കാരോട് ആരും ഇനി സിഗ്നൽ ആപ്പ് ഉപയോഗിക്കരുത്’-ട്രംപ് പറഞ്ഞുപരസ്യമായി ഹെഗ്സെതിനെ പിന്തുണക്കുമ്പോഴും പെന്റഗണിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് ഈ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.
യമനിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സൈനിക വിവരങ്ങൾ ഹെഗ്സെത് ‘സിഗ്നൽ’ ഗ്രൂപ്പ് ചാറ്റിലൂടെ തന്റെ ഭാര്യ, സഹോദരൻ, വ്യക്തിഗത അഭിഭാഷകൻ എന്നിവർക്ക് അയച്ചുകൊടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സർക്കാരിൽ യാതൊരു ഔദ്യോഗിക പദവിയുമില്ലാത്ത ഭാര്യ ജെന്നിഫർ റൗച്ചെറ്റിന് അടക്കം സൈനിക പദ്ധതികൾ സന്ദേശമായി അയച്ചുകൊടുത്തതിന് ട്രംപ് ഹെഗ്സെതിനെ ഫോണിൽ വിളിച്ച് രൂക്ഷമായി ശകാരിച്ചതായും, എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

