ആണവ പദ്ധതികൾ ചർച്ചയായില്ല; ഇറാന്റെ സമാധാന കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് കരാറിൽ പരാമർശമില്ലാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന ദേശീയ സുരക്ഷാ യോഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറാണെന്നും എന്നാൽ പകരം അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കുകയും ശത്രുത അവസാനിപ്പിക്കുകയും വേണമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥ. അതേസമയം തങ്ങളുടെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും അത് പിന്നീട് പരിഗണിക്കാമെന്നുമാണ് ഇറാന്റെ നിലപാട്. പാകിസ്താൻ വഴിയാണ് ഈ സന്ദേശം അമേരിക്കക്ക് കൈമാറിയത്.
എന്നാൽ ഇറാന്റെ ഈ വാഗ്ദാനത്തോട് ട്രംപിന് താൽപ്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുന്ന തരത്തിലുള്ള കരാറുകൾക്ക് മാത്രമേ അമേരിക്ക അംഗീകാരം നൽകൂ എന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഈ നിർദേശം അമേരിക്ക സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗൾഫ് മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും, ആണവ വിഷയം ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ തടസ്സമായി തുടരുകയാണ്. നിലവിലെ താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടാനോ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുദ്ധത്തിന് പൂർണ്ണവിരാമം കുറിക്കാനോ തയാറാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഏറ്റവും തർക്കവിഷയമായ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും, സമാധാനം പുനസ്ഥാപിച്ച ശേഷം മറ്റൊരു ഘട്ടത്തിൽ അവ പരിഗണിച്ചാൽ മതിയെന്നുമാണ് ഇറാന്റെ പുതിയ നയം. അതേസമയം സമാധാന ചർച്ചകൾക്കായി പ്രത്യേക ദൂതൻമാരെ അയക്കുന്നതിന് പകരം ഇറാൻ തങ്ങളെ നേരിട്ട് ബന്ധപ്പെടട്ടെ എന്ന നിലപാടിലാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

