‘ആദ്യവും അവസാനവും അമേരിക്ക’; രണ്ടും കൽപിച്ച് ട്രംപ്
text_fieldsയു.എസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ
സ്ഥാനാരോഹണം ബ്രിട്ടീഷ് പത്രങ്ങളിൽ
രണ്ടാം വരവിൽ തീവ്രവംശീയതയിലധിഷ്ഠിതമായ പോപുലിസ്റ്റ് ഭരണമായിരിക്കും തന്റേതെന്ന ഉറച്ച പ്രഖ്യാപനമാണ് എക്സിക്യൂട്ടിവ് ഓർഡറുകളിലൂടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സംവാദ വേദികളിലും നിരന്തരമായി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ആദ്യ ദിനത്തിൽ ഒപ്പുവെച്ച ഉത്തരവുകളിലുണ്ട്. കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, ഐക്യ രാഷ്ട്രസഭയുമായുള്ള സഹകരണം, ലിംഗപരമായ സ്വത്വം തുടങ്ങിയ വിഷയങ്ങളിൽ നേരത്തെതന്നെ ട്രംപ് തീർത്തും വ്യത്യസ്തമായ നിലപാടാണ് വെച്ചുപുലർത്തിയിരുന്നത്.
കുടിയേറ്റം അവസാനിപ്പിക്കുക, വിവിധ ഏജൻസികളുമായുള്ള സഹകരണം അവസാനിപ്പിക്കുക തുടങ്ങി ഇക്കാര്യങ്ങളിലെല്ലാം ‘തിരുത്തൽ’ നടപടികളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം ആവർത്തിച്ചിരുന്നു. ആ പ്രഖ്യാപനങ്ങളത്രയും ഒറ്റ ദിവസംകൊണ്ട് യാഥാർഥ്യമാക്കിയിരിക്കുകയാണ് ട്രംപ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും പലതരത്തിലുള്ള അനിശ്ചിതത്വങ്ങൾക്കും വഴിവെക്കുന്നതാണ് ട്രംപിന്റെ തീരുമാനങ്ങളെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
ജന്മം കൊണ്ട് ഇനി യു.എസ് പൗരത്വമില്ല
കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവിന്റെ ഭാഗമായി ഇതിനെ കാണാം. നിലവിൽ, കുടിയേറ്റക്കാർക്കും നിയമപരമല്ലാതെ രാജ്യത്ത് കഴിയുന്നവർക്കും അമേരിക്കയിൽ ജനിക്കുന്ന സന്തതികൾക്ക് പൗരത്വത്തിന് അവകാശമുണ്ടായിരുന്നു. ഇനി മുതൽ അതുണ്ടാവില്ല. ഉത്തരവിൽ ഒപ്പുവെച്ച് 30 ദിവസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽവരും. അഥവാ, ഫെബ്രുവരി അവസാന വാരത്തോടെ, കുടിയേറ്റക്കാരായ ദമ്പതികൾക്കുണ്ടാകുന്ന (ദമ്പതികളിൽ ഒരാൾ കുടിയേറ്റക്കാരായാലും മതി) കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വം ജന്മത്തിന്റെ പേരിൽ ലഭിക്കില്ല. മെക്സികോ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഇത് വലിയ തോതിൽ ബാധിക്കും.
ലോകാരോഗ്യ സംഘടന പുറത്ത്
യു.എന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും. ‘സംഘടന അമേരിക്കയെ വല്ലാതെ ചൂഷണം’ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ, ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കയുടെ സർവ സാമ്പത്തിക സഹായങ്ങളും നിലക്കും.
ഇ-വാഹനങ്ങളോട് അപ്രിയം
2030ഓടെ അമേരിക്കയിൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങളാക്കണമെന്നായിരുന്നു ജോ ബൈഡന്റെ നയം. ഇതുസംബന്ധിച്ച് അദ്ദേഹം എക്സിക്യൂട്ടിവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. അത് മരവിപ്പിച്ചു. ‘പരമ്പരാഗത വാഹന വ്യവസായത്തെ തകർക്കില്ല’ എന്നാണ് ഇതിന് ട്രംപ് പറയുന്ന ന്യായം. വലിയ പാരിസ്ഥിതികാഘാതങ്ങൾക്ക് വഴിവെക്കും.
സ്ത്രീയും പുരുഷനും മാത്രം
നിലവിലെ ‘ജെൻഡർ ഐഡിയോളജി ഗൈഡൻസ്’ മരവിപ്പിച്ചു. ബൈഡന്റെ എക്സിക്യൂട്ടിവ് ഓർഡർ പ്രകാരം, ഏതൊരു വ്യക്തിക്കും സ്ത്രീ-പുരുഷ സ്വത്വത്തിന് പുറമെ മറ്റു ലിംഗസ്വത്വങ്ങൾ സ്വീകരിക്കാനും അത് പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാൽ, പുതിയ ഉത്തരവിലൂടെ ലൈംഗിക സ്വത്വം സ്ത്രീ, പുരുഷൻ എന്നിവ മാത്രമായിരിക്കും. ഇതിനുപുറമെ, സ്വവർഗ രതിക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ ഉണ്ടാകുന്ന വിവേചനങ്ങൾ, ആക്രമണങ്ങൾ എന്നിവക്കെതിരായ നിയമ നടപടികളും ഇനിയുണ്ടാവില്ല. ഫലത്തിൽ ഇതര ലിംഗ സ്വത്വക്കാർക്കെതിരായ ആക്രമണത്തിനും മറ്റും സാധ്യതയുണ്ട്.
അതിർത്തിയിൽ അടിയന്തരാവസ്ഥ
ഇത് എക്സിക്യൂട്ടിവ് ഓർഡർ അല്ല; മറിച്ച് വൈറ്റ് ഹൗസിന്റെ പ്രത്യേക ഉത്തരവാണ്. രാജ്യത്തിന്റെ തെക്കൻ അതിർത്തികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ട്രംപിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.
അനുയായി ആക്രമണകാരികളോട് ദയ
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ മുന്നോടിയായി 2021 ഫെബ്രുവരി ആറിന് കാപിറ്റോൾ ലക്ഷ്യമാക്കി ട്രംപ് അനുയായികൾ നടത്തിയ ആക്രമണ സംഭവങ്ങളിലെ നിയമ നടപടികൾ മരവിപ്പിച്ചു. പ്രതികൾക്ക് മാപ്പ് നൽകി. പ്രതികളായ 1500ലധികം പേർ ഇതോടെ രക്ഷപ്പെട്ടു.
പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറി
ആഗോള താപനം ചെറുക്കുന്നതിനായി 2015ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഒപ്പുവെച്ച ഉടമ്പടിയിൽനിന്ന് (പാരിസ് ഉടമ്പടി) ട്രംപ് പിന്മാറി. കാർബൺ ബഹിർഗമനം കുറക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയോട് നേരത്തെതന്നെ ട്രംപ് വിയോജിച്ചിരുന്നു. 2017ൽ, അദ്ദേഹം ഉടമ്പടിയിൽനിന്ന് പിന്മാറി. പിന്നീട് ബൈഡൻ വന്നപ്പോൾ തീരുമാനം പിൻവലിച്ചു. ഇപ്പോൾ വീണ്ടും കരാറിൽനിന്ന് പിന്മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്നത് അമേരിക്കയും ചൈനയുമാണ്. ഇത് നിയന്ത്രിക്കുന്നതിനൊപ്പം, ബഹിർഗമനത്തിന് നഷ്ട പരിഹാരവും നൽകണം. ഇത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. കാലാവസ്ഥാ പ്രതിസന്ധിയെയും ആഗോള താപനത്തെയും ചെറുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് പാരിസ് ഉടമ്പടി. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന രാജ്യത്തിന്റെ പിന്മാറ്റം വലിയ പ്രതിസന്ധികൾക്കിടയാക്കും. ട്രംപിന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ മാറ്റം എന്നത് കേവലം ഗൂഢാലോചന സിദ്ധാന്തമാണ്.
വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരോട് ‘മമത’
വെസ്റ്റ് ബാങ്കിൽ അനധികൃതമായി കുടിയേറ്റം നടത്തുന്ന ഇസ്രായേലികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന നിയമം ബൈഡൻ പുറപ്പെടുവിച്ചിരുന്നു. ഇതും ട്രംപ് റദ്ദാക്കി.
ലോകാരോഗ്യ സംഘടനയുടെ ഭാവി ഇരുളിൽ
നിലവിൽ സംഘടനക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യം അമേരിക്കയാണ്
ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യു.എച്ച്.ഒ) ബന്ധം വിച്ഛേദിക്കുന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനം സംഘടനയുടെ ഭാവി സംബന്ധിച്ച ആശങ്കക്കിടയാക്കുന്നു. നിലവിൽ സംഘടനക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യം അമേരിക്കയാണ്. അമേരിക്കയുടെ സഹായം നിലക്കുന്നതോടെ ഫലത്തിൽ ഡബ്ല്യു.എച്ച്.ഒയുടെ പ്രവർത്തനങ്ങൾ തന്നെ ഏതാണ്ട് നിശ്ചലമാകും. ഇത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലടക്കമുള്ള വിവിധ രാജ്യങ്ങളിലെ പൊതുജനാരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
2022-23 സാമ്പത്തിക വർഷം അമേരിക്ക 128.4 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഡബ്ല്യു.എച്ച്.ഒക്ക് നൽകിയത്. രണ്ടാം സ്ഥാനത്തുള്ള ജർമനിയുടെ സംഭാവന 85 കോടി ഡോളർ. സംഘടനയുടെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നും അമേരിക്കയിൽനിന്നാണ്. ഇത് നിലക്കുന്നത് സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കും. മഹാമാരികളും പകർച്ചവ്യാധികളുമെല്ലാം നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംഘടനയാണ് ഡബ്ല്യു.എച്ച്.ഒ. പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ നിർമാർജന യജ്ഞങ്ങളിൽ പൊതുജനാരോഗ്യ രംഗം ശുഷ്കമായ രാഷ്ട്രങ്ങളിൽ ഇടപെടുന്നത് ഡബ്ല്യു.എച്ച്.ഒ ആണ്.
അതോടൊപ്പം, മരുന്ന് ഗവേഷണത്തിലും മറ്റും ആഗോള തലത്തിൽ നിയമ സംവിധാനങ്ങൾ കൊണ്ടുവരുന്നതും ഈ സംഘടനയാണ്. അംഗ രാഷ്ട്രങ്ങളുടെയും വിവിധ സംഘടനകളുടെയും ഫണ്ടുകൊണ്ടുമാത്രം മുന്നോട്ടുപോകുന്ന സംഘടനയുടെ മുഖ്യ സ്പോൺസർ ആണ് അമേരിക്ക. 2020ലും ട്രംപ് സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം ബൈഡൻ വന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ, ചുരുങ്ങിയത് നാല് വർഷമെങ്കിലും ഡബ്ല്യു.എച്ച്.ഒയുടെ പ്രവർത്തനം അവതാളത്തിലായേക്കാം; അതുവഴി ആഗോള പൊതുജനാരോഗ്യ രംഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

