'ബന്ദിമോചനം ഈയാഴ്ച പൂർത്തിയാക്കണം'; കർശന നിർദേശവുമായി ട്രംപ്, ആക്രമണം തുടർന്ന് ഇസ്രായേൽ
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കരാർ യാഥാർഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. എന്നാൽ, ഒരാഴ്ചക്കുള്ളിൽ ബന്ദിമോചനം യാഥാർഥ്യമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.
ഹമാസുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. അറബ്-മുസ്ലിം രാജ്യങ്ങൾ ചർച്ചകളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ ആഴ്ചയോടെ ബന്ദികളെ മോചിപ്പിച്ച് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണം. മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം പുലരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്ന് ഈജിപ്തിൽ വീണ്ടും ചർച്ചകൾ നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ബന്ദിമോചനം യാഥാർഥ്യമാക്കണമെന്നും നൂറ്റാണ്ടുകളായി തുടരുന്ന ഈ തർക്കം താൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണങ്ങളിൽ 24 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ഈജിപ്തിലെ വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ച് എത്തുന്നത് ദോഹയിൽ ഇസ്രായേൽ ലക്ഷ്യമിട്ട നേതാക്കൾ
ഒരുമാസം മുമ്പ് ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ഇസ്രായേൽ വധിക്കാൻ ശ്രമിച്ച നേതാക്കളാണ് ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കുക. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊരാളായിരുന്ന ഖലീലുൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കൾ ദോഹയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ വിമാനമിറങ്ങി. ആക്രമണത്തിൽ ഖലീലുൽ ഹയ്യയുടെ മകൻ ഉൾപ്പെടെ ആറുപേരാണ് മരിച്ചത്.
കൈറോയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഹയ്യ അൽഅറബി ചാനലിന് പ്രത്യേക അഭിമുഖം നൽകിയിരുന്നു. ആക്രമണശേഷം ഇതാദ്യമായാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തുന്നത്. മകന്റെ മരണം ഉൾപ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസ്സയിൽ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനും ഇസ്രായേൽ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീൻ കുഞ്ഞും ഒരുപോലെയാണ്. അവർ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്റെ പാതയാകട്ടെയെന്ന് പ്രാർഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്തിലെ ചെങ്കടൽ തീരനഗരമായ ശറമുശൈഖിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുക. ഇസ്രായേലി സംഘം ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ നഗരത്തിലെത്തും. സ്ട്രാറ്റജിക് അഫയേഴ്സ് വകുപ്പ് മന്ത്രി റോൺ ഡെർമറാണ് ഇസ്രായേലി സംഘത്തെ നയിക്കുക. ബന്ദി വിഷയം കൈകാര്യം ചെയ്യുന്ന ഗാൽ ഹിർഷ്, ഐ.ഡി.എഫിലെ നിറ്റ്സൻ അലോൺ എന്നിവർക്കൊപ്പം ഷിൻബെത്ത്, മൊസാദ് പ്രതിനിധികളും സംഘത്തിലുണ്ടാകും.
നേർക്കുനേർ കാണില്ലെങ്കിലും ഹമാസ്, ഇസ്രായേൽ സംഘങ്ങൾ തമ്മിലുള്ള പരോക്ഷ ചർച്ചകളാകും നടക്കുക. ചർച്ചകൾ തിങ്കളാഴ്ചയും വേണ്ടിവന്നാൽ അധിക ദിവസങ്ങളിലും നടക്കുമെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ സൂചിപ്പിച്ചു. ചർച്ചയിൽ ഈജിപ്തും ഖത്തറുമാണ് പ്രധാന മധ്യസ്ഥർ. ഹമാസ്, ഇസ്രായേലി സംഘങ്ങൾ ഒരേ കെട്ടിടത്തിൽ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

