Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനുമായി ഭാഗിക...

ഇറാനുമായി ഭാഗിക ചർച്ചകൾ; സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ട്രംപ്

text_fields
bookmark_border
ഇറാനുമായി ഭാഗിക ചർച്ചകൾ; സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ട്രംപ്
cancel

വാഷിങ്ടൺ/തെഹ്റാൻ/തെൽ അവീവ്: ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക ഭാഗികമായി മാത്രമാണ് ഏർപ്പെട്ടിരിക്കുന്നതെന്നും രാജ്യത്ത് സാമ്പത്തിക സമ്മർദ്ദം വർധിക്കുന്നത് വരെ കാത്തിരിക്കാൻ ഭരണകൂടം തീരുമാനിച്ചതായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, ഭാവിയിലെ ചർച്ചകൾക്കായുള്ള പശ്ചാത്തലം ഒരുക്കാൻ ഇടനിലക്കാരുടെ ശ്രമങ്ങൾ തുടരുന്നുണ്ട്.

ഒമാനുമായി ഇറാൻ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് അബ്ബാസ് അരാഗ്ചി അറിയിച്ചു. എങ്കിലും, യു.എസ് നാവിക ഉപരോധം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ഇറാന്റെ ആവശ്യങ്ങൾ വാഷിങ്ടൺ അംഗീകരിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിൽ നിർണായകമായ ഈ കടലിടുക്ക് നിലവിൽ കടുത്ത സംഘർഷഭൂമിയാണ്.

ഇറാനിലെ ആഭ്യന്തര രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടായിട്ടുണ്ട്. പരമാധികാരി ആയത്തുല്ല മുജ്തബ ഖാംനഈ മുൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) കമാൻഡറായ മുഹ്സിൻ റെസായിയെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലേക്കുള്ള തന്റെ പ്രതിനിധിയായി നിയമിച്ചു. രാജ്യത്തെ ഉന്നത സുരക്ഷാ തീരുമാനങ്ങൾ എടുക്കുന്നതിൽ ഐ.ആർ.ജി.സിയുടെ സ്വാധീനം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നിയമനം.

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഗാസ സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഔദ്യോഗികമായി തള്ളി. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടാതെ ഇസ്രായേൽ സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ട്രംപ് ഗസ്സ ഭരണം ഏൽപിച്ച സമാധാന സമിതിയുടെ കാർമികത്വത്തിൽ കഴിഞ്ഞ മാസമാണ് 15 ഇന കരാർ പ്രഖ്യാപിച്ചത്. ഹമാസിന്റെ സമ്പൂർണ നിരായുധീകരണവും ഇസ്രായേൽ സൈനിക പിന്മാറ്റവും സംബന്ധിച്ച് ധാരണയിലെത്തിയെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിരായുധീകരിക്കാൻ സമ്മതം അറിയിച്ച ഹമാസ് പക്ഷേ, ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ അതിനില്ലെന്ന് അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. എന്നാൽ, ഞായറാഴ്ച ചേർന്ന പാർലമെന്റ് യോഗത്തിനു ശേഷമാണ് കരാർ തള്ളുന്നുവെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം.

ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിക്ക് കനത്ത ആഘാതമാണ് ഇസ്രായേൽ പിന്മാറ്റം. കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ സമാധാന സമിതിയെ വെക്കലും ഹമാസ് നിരായുധീകരണവുമടക്കം സുപ്രധാന വ്യവസ്ഥകളടങ്ങുന്നതായിരുന്നു 15 ഇന സമാധാന പദ്ധതി. കരാർ ഇസ്രായേൽ അംഗീകരിക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു.

ഹമാസ് ആദ്യം നിരായുധീകരിക്കണമെന്ന നിലപാട് പരസ്യമാക്കുമ്പോഴും പകുതിയിലേറെ സൈനിക നിയന്ത്രണത്തിലാക്കിയ ഗസ്സയിൽനിന്ന് പിന്മാറ്റത്തിന് നെതന്യാഹു തുടക്കം മുതൽ എതിരാണ്. പൊതുതെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെനിൽക്കെ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്ന ഏതുതീരുമാനത്തിനും അദ്ദേഹം എതിരാണ്. കരാർ സംബന്ധിച്ച് ട്രംപുമായി തുടർ ചർച്ചകൾ നടത്തുമെന്ന് പുതിയ നെതന്യാഹു പറഞ്ഞു.

അതിനിടയിൽ, യമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെങ്കടൽ തുറമുഖമായ അൽ-മഖ്ഫയിൽ ഇറാൻ പിന്തുണയുള്ള ഹൂതി സേന ആക്രമണം നടത്തി. ഈ ആക്രമണത്തിൽ കുറഞ്ഞത് ഏഴുപേർ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran-USStrait of HormuzDonald TrumpIRGC
News Summary - ഇറാനുമായി ഭാഗിക ചർച്ചകളെന്ന് ട്രംപ്
Next Story