ക്യൂബ പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; കടുത്ത ഊർജ്ജപ്രതിസന്ധിയിൽ രാജ്യം ഇരുട്ടിൽ
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: കടുത്ത എണ്ണ ഉപരോധത്തെത്തുടർന്ന് ക്യൂബൻ ദേശീയ വൈദ്യുത ഗ്രിഡ് തകരുകയും രാജ്യം പൂർണ്ണമായും ഇരുട്ടിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ ക്യൂബ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്.
‘എന്റെ ജീവിതകാലം മുഴുവൻ അമേരിക്കയെയും ക്യൂബയെയും കുറിച്ച് ഞാൻ കേൾക്കുകയാണ്. എപ്പോഴായിരിക്കും അമേരിക്ക ഇത് ചെയ്യുക? ക്യൂബ പിടിച്ചെടുക്കാനുള്ള ബഹുമതി എനിക്കായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ട്രംപ് പറഞ്ഞു. ക്യൂബയെ മോചിപ്പിക്കണോ അതോ പിടിച്ചെടുക്കണോ എന്നത് തന്റെ ഇഷ്ടമാണെന്നും നിലവിൽ ക്യൂബ തികച്ചും ദുർബലമായ രാഷ്ട്രമാണെന്നും’ ട്രംപ് കൂട്ടിച്ചേർത്തു.
ക്യൂബയിലെ ദേശീയ ഗ്രിഡ് പൂർണ്ണമായും പ്രവർത്തനരഹിതമായതോടെ ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് വൈദ്യുതിയില്ലാതെ വലയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യം സമാനമായ പ്രതിസന്ധി നേരിടുന്നത്. ഹവാനയിലെ അഞ്ച് ശതമാനം താമസക്കാർക്കും ചില ആശുപത്രികൾക്കും മാത്രമാണ് നിലവിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പഴക്കമേറിയ ഗ്രിഡുകളുടെ തകരാറാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നതെങ്കിലും അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധമാണ് സ്ഥിതി വഷളാക്കിയതെന്ന് ക്യൂബൻ സർക്കാർ ആരോപിക്കുന്നു. ക്യൂബക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്തുമെന്ന് ജനുവരിയിൽ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുശേഷം ജനുവരി 9ന് ശേഷം ക്യൂബയിലേക്ക് എണ്ണ ഇറക്കുമതി നടന്നിട്ടില്ല.
ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം ക്യൂബയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ദിവസങ്ങളോളം നീളുന്ന വൈദ്യുതി തടസ്സം കാരണം കൈവശമുള്ള ഭക്ഷണസാധനങ്ങൾ ചീഞ്ഞുപോകുന്ന അവസ്ഥയാണെന്ന് സാധാരണക്കാർ സാക്ഷ്യപ്പെടുത്തുന്നു. കടുത്ത ദാരിദ്ര്യത്തിലും ഇരുട്ടിലും കഴിയുന്ന ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫിസ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
അതേസമയം ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കി ഭരണമാറ്റം കൊണ്ടുവരിക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ അധികാരം ഒഴിയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കുചേരുമ്പോഴും ലാറ്റിൻ അമേരിക്കയിൽ സൈനികാധിഷ്ഠിത സമീപനം തുടരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

