ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ, രക്ഷിക്കാൻ തയാർ; നൈജീരിയക്കെതിരെ ഉടൻ സൈനികനടപടി -ട്രംപ്
text_fieldsവാഷിങ്ടൺ: ക്രിസ്ത്യാനികളെ കൊല്ലാൻ അനുവദിക്കുന്നുവെന്ന് ആരോപിച്ച് നൈജീരിയയ്‌ക്കെതിരെ സൈനിക നടപടി ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സൈനിക നടപടി ഭീഷണി ഉയർത്തിയിരിക്കുന്നത്.
നൈജീരിയയിൽ സൈനിക നടപടി ആസൂത്രണം ചെയ്യാൻ പെന്റഗണിനോട് ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു. സ്ഥിതിഗതികൾ ഇങ്ങനെ തുടരുകയാണെങ്കിൽ നൈജീരിയക്കുള്ള എല്ലാ സഹായങ്ങളും സഹായങ്ങളും അമേരിക്ക ഉടൻ നിർത്തുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിച്ചാൽ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കും. ഈ ഭയാനകമായ ക്രൂരതകൾ ചെയ്യുന്ന ഇസ്‌ലാമിക തീവ്രവാദികളെ പൂർണ്ണമായും തുടച്ചുനീക്കും. സാധ്യമായ നടപടികൾക്ക് തയാറെടുക്കാൻ യുദ്ധ വകുപ്പിനോട് ഇതിനാൽ നിർദേശിക്കുന്നു. നമ്മൾ ആക്രമിച്ചാൽ അത് ക്രൂരമായതായിരിക്കും. നൈജീരിയൻ സർക്കാർ വേഗം നടപടി സ്വീകരിക്കുന്നതാണ് നല്ലത് -ട്രംപ് പറഞ്ഞു.
ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് പശ്ചിമാഫ്രിക്കൻ രാജ്യത്തെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി പ്രഖ്യാപിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, നൈജീരിയയെ മതപരമായ അസഹിഷ്ണുതയുള്ള രാജ്യമായി ചിത്രീകരിക്കുന്നത് യാഥാർഥ്യമല്ലെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചിരുന്നു. മതസ്വാതന്ത്ര്യവും സഹിഷ്ണുതയും ഞങ്ങളുടെ കൂട്ടായ സ്വത്വത്തിന്റെ കാതലായ തത്വമാണ്. അത് എല്ലായിപ്പോഴും അങ്ങനെ തന്നെ തുടരും. നൈജീരിയ മതപരമായ പീഡനത്തെ എതിർക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളിലുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ ഉറപ്പുള്ള രാജ്യമാണ് നൈജീരിയ എന്നും ടിനുബു ട്രംപിന് മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

