യു.എസ്-ഇറാൻ ചർച്ച അനിശ്ചിതത്വത്തിൽ:‘മറ്റൊരു രീതിയിൽ തീർക്കും’-ഭീഷണിയുമായി ട്രംപ്
text_fieldsവാഷിങ്ടൺ/തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ‘വളരെ നല്ലൊരു കരാറി’ലേക്ക് എത്താറായെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, അമേരിക്ക ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ ‘മറ്റൊരു രീതി’യിൽ ഇതിന് അവസാനം കുറിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ലാറ ട്രംപുമായി നടത്തിയ ഫോക്സ് ന്യൂസ് അഭിമുഖ ത്തിലാണ് ഭീഷണി.
‘‘നമ്മൾ വളരെ നല്ലൊരു കരാറിനോട് അടുത്തിരിക്കുകയാണ്. അനാവശ്യ തിടുക്കം കൂട്ടിയാൽ നല്ലൊരു കരാറിലെത്താൻ സാധിക്കില്ല. പതുക്കെയാണെങ്കിലും നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഉറപ്പായും നേടിയെടുക്കുന്നുണ്ട്. ഇനി നാം വിചാരിച്ചപോലെ നടന്നില്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിന് അവസാനം കുറിക്കും’’ -ട്രംപ് പറഞ്ഞു.
ഇറാനികൾ ‘മിടുക്കരായ ചർച്ചാവിദഗ്ധർ’ ആണെന്ന് പറഞ്ഞ ട്രംപ്, സൈനികപരമായി ഇറാൻ പരാജയപ്പെട്ടതിനാൽ ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും അമേരിക്കയുടെ കൈകളിലാണെന്ന് അവകാശപ്പെട്ടു. എന്നാൽ, നാം മികച്ച കരാറിലേക്ക് അടുക്കുകയാണ്. അത് സാധ്യമായാൽ നല്ലത്. ഇല്ലെങ്കിൽ യുദ്ധ വകുപ്പ് വഴി കാര്യങ്ങൾ തുടങ്ങുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. തങ്ങൾ ആണവായുധങ്ങൾ നിർമിക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നതെന്ന ചോദ്യത്തിന്, അവർ അത് മറ്റെവിടെന്നെങ്കിലും വിലയ്ക്ക് വാങ്ങിയാൽ എന്തുചെയ്യുമെന്ന മറുചോദ്യമാണ് ട്രംപ് ഉന്നയിച്ചത്.
ഇറാന്റെ നാവികസേനയും വ്യോമസേനയും പൂർണമായും തകർക്കപ്പെട്ടതിനാൽ അമേരിക്കക്ക് അവരുടെ മേൽ ശക്തമായ സ്വാധീനമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എങ്കിലും, ഇറാന്റെ നേതൃത്വത്തിലുള്ള ചിലർ മിതവാദികളായതിനാലാണ് അവരുടെ സൈന്യത്തെ അമേരിക്ക പൂർണമായും ഇല്ലാതാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ് പ്രതിനിധികൾ ഇറാൻ പ്രതിനിധികളുമായി ഉണ്ടാക്കിയ കരാറിൽ ചില ഭേദഗതികൾ വരുത്താൻ ട്രംപ് ആവശ്യപ്പെട്ടതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ സാമഗ്രികളുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനോട് ഇറാൻ പ്രതികരിക്കാൻ ദിവസങ്ങളെടുത്തേക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതോടെ അന്തിമ കരാർ അനിശ്ചിതത്വത്തിൽ തുടരുകയാണ്.
തങ്ങളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടാതെ അമേരിക്കയുമായി ഒരു കരാറിനും സന്നദ്ധമല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബാഖിർ ഖാലീബാഫ് പ്രതികരിച്ചു. ആണവായുധങ്ങൾ ഒരിക്കലും നിർമിക്കില്ലെന്ന് ഇറാൻ സമ്മതിക്കുക, ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നിവയാണ് കരാറിലെ തന്റെ മുൻഗണനകളെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാന്റെ സൈനിക വിഭാഗമായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് ഹുർമുസിനു മേലുള്ള നിയന്ത്രണം വീണ്ടും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

