ഇറാനിൽ നിന്നും പൈലറ്റിനെ രക്ഷിച്ച വാർത്ത പുറത്തുവിട്ട മാധ്യമപ്രവർത്തകനെ ജയിലിലടക്കുമെന്ന് ട്രംപിന്റെ ഭീഷണി
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയ വാർത്ത ആദ്യമായി പുറത്തുവിട്ട മാധ്യമപ്രവർത്തകൻ വിവരത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതിന് തയ്യാറായില്ലെങ്കിൽ മാധ്യമപ്രവർത്തകനെ ജയിലിലടക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വിവാദ പരാമർശം.
മാധ്യമങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന രൂക്ഷമായ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. യു.എസും ഇസ്രായേലും സംയുക്തമായി ഇറാനു നേരെ നടത്തുന്ന യുദ്ധത്തെക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾ വളരെയധികം നെഗറ്റീവ് ആണെന്ന് ട്രംപ് അടുത്തിടെ തന്റെ സഹായികളോട് പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിൽ വെച്ച് അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാളെ യു.എസ് രക്ഷാസേന വിജയകരമായി കണ്ടെത്തിയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്താനുള്ള നീക്കങ്ങൾ തുടരുന്നതിനിടെ ഈ വിവരം പുറത്തുവന്നത് ഓപ്പറേഷന്റെ സുരക്ഷയെ ബാധിച്ചുവെന്നാണ് ട്രംപിന്റെ വാദം."ആദ്യ പൈലറ്റിനെ കണ്ടെത്തിയ കാര്യം ഒരു മണിക്കൂറോളം ഞങ്ങൾ രഹസ്യമാക്കി വെച്ചു. എന്നാൽ ആരോ അത് ചോർത്തി. അതിന് പിന്നിൽ ആരാണെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്," ട്രംപ് പറഞ്ഞു.
വാർത്ത പുറത്തുവിട്ട മാധ്യമ സ്ഥാപനത്തോട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുമെന്നും ദേശീയ സുരക്ഷ കണക്കിലെടുത്ത് അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക് ടൈംസ്, സി.ബി.എസ് ന്യൂസ്, ആക്സിയോസ് തുടങ്ങി നിരവധി മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഏത് റിപ്പോർട്ടറെയാണ് ട്രംപ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസ് വക്താക്കളും ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയിട്ടില്ല.
അതേസമയം വ്യാജ വാർത്തകൾ നൽകുന്ന ചാനലുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിൽ നിയന്ത്രണമുണ്ടാകുമെന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ചെയർമാൻ ബ്രണ്ടൻ കാറും കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. യുദ്ധത്തിൽ അമേരിക്ക തോൽക്കണമെന്നാണ് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള ഭീഷണി ഉയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

