‘അധികം വൈകാതെ കരാറിലെത്തൂ, ഇനി വെനിസ്വേലയുടെ പണവും എണ്ണയും കിട്ടില്ല’; ക്യൂബക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
text_fieldsന്യൂയോർക്ക്: വെനിസ്വേലക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്. ക്യൂബ അധികം വൈകാതെ യു.എസുമായി കരാറിലെത്തണമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി വെനിസ്വേല നൽകുന്ന വലിയ തോതിലുള്ള പണവും എണ്ണയും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നും തങ്ങളുമായി കരാറുണ്ടാക്കിയില്ലെങ്കിൽ ഇനി ക്യൂബക്ക് ഈ സാമ്പത്തിക സഹായവും എണ്ണയും ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.
‘ഇനി ക്യൂബയിലേക്ക് എണ്ണയോ പണമോ പോകില്ല -പൂജ്യം! അധികം വൈകുന്നതിനു മുമ്പായി അവർ ഒരു കരാർ ഉണ്ടാക്കണമെന്ന് ഞാൻ നിർദേശിക്കുന്നു’ -ട്രംപ് ട്രൂത്ത് സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. വെനിസ്വേല നൽകുന്ന പണത്തിനും എണ്ണക്കും പകരമായി അവസാനത്തെ രണ്ടു വെനിസ്വേലൻ ഏകാധിപതികൾക്ക് ക്യൂബയാണ് സുരക്ഷ സംവിധാനങ്ങളൊരുക്കുന്നത്. ഇനി അതുണ്ടാകില്ല. കഴിഞ്ഞയാഴ്ച യു.എസ് നടത്തിയ ആക്രമണത്തിൽ ഈ ക്യൂബൻ സൈനികരെല്ലാം കൊല്ലപ്പെട്ടു. വർഷങ്ങളായി തങ്ങളെ ബന്ദികളാക്കിയിരുന്ന കൊള്ളക്കാരിൽനിന്ന് വെനിസ്വേലക്ക് ഇനി സംരക്ഷണം ആവശ്യമില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
വെനിസ്വേലക്ക് ഇനി ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യു.എസിന്‍റെ സുരക്ഷയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അതിനിടെ അമേരിക്കൻ സർക്കാറിന്റെ കൈവശമുള്ള വെനിസ്വേലൻ എണ്ണ വരുമാനം സ്വകാര്യ കടക്കാർ പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘അമേരിക്കൻ, വെനിസ്വേലൻ ജനതയുടെ നന്മക്കായി വെനിസ്വേലൻ എണ്ണ വരുമാനം സംരക്ഷിക്കൽ’ എന്ന പ്രഖ്യാപനത്തിലൂടെയാണ് ഇത് നടപ്പാക്കിയത്. വെനിസ്വേലൻ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വെനിസ്വേലയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായും ദോഷകരമായും ബാധിക്കുമെന്നും വെള്ളിയാഴ്ച വൈകീട്ട് ഒപ്പുവച്ച ഉത്തരവിൽ ട്രംപ് പറഞ്ഞു.
അതനുസരിച്ച്, വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകളുടെ സംരക്ഷണം അമേരിക്കക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകൾ കണ്ടുകെട്ടാനോ ജുഡീഷ്യൽ നടപടിക്രമങ്ങൾ ഏർപ്പെടുത്താനോ ഉള്ള സാധ്യത അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി ഞാൻ കാണുന്നു. അതിന്റെ ഉറവിടം പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ യുനൈറ്റഡ് സ്റ്റേറ്റ്സിന് പുറത്താണ്. ആ ഭീഷണിയെ നേരിടാൻ ഞാൻ ഇതിനാൽ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു’ എന്ന് ട്രംപ് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

