അമേരിക്കയിലെ സിനിമ വ്യവസായം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു; വിദേശ സിനിമകൾക്ക് തീരുവ ചുമത്തിയതിനെ ന്യായീകരിച്ച് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: തീരുവ യുദ്ധത്തിൽ പുതിയ വഴി വെട്ടി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തവണ വിദേശ സിനിമകളെയാണ് ട്രംപ് ഉന്നമിട്ടിരിക്കുന്നത്.
വിദേശമണ്ണിൽ നിർമിച്ച എല്ലാ സിനിമകൾക്കും 100 ശതമാനം തീരുവ ചുമത്താനുള്ള നടപടികൾ തുടങ്ങാൻ വാണിജ്യ വകുപ്പിനും യു.എസ് വ്യാപാര പ്രതിനിധിക്കും അധികാരം നൽകിയതായി ട്രംപ് കഴിഞ്ഞ ദിവസം തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്തിൽ കുറിച്ചു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
''അമേരിക്കയിലെ സിനിമ വ്യവസായം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. മറ്റ് രാജ്യങ്ങളുടെ സംഘടിതശ്രമം മൂലമാണിത്. അതിനാൽ വിദേശ സിനിമകൾ ദേശീയ സുരക്ഷയാണ്. എല്ലാറ്റിനും പുറമെ മറ്റ് രാജ്യക്കാരുടെ ആശയങ്ങൾ അമേരിക്കയിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്''-ട്രംപ് കുറിച്ചു.
അമേരിക്കയിൽ തന്നെ നിർമിക്കുന്ന സിനിമകളാണ് വേണ്ടത്. പുതിയ തീരുവ സിനിമ മൽസര രംഗത്ത് അമേരിക്കയെ തുല്യ നിലയിൽ എത്തിക്കുമെന്നും സ്റ്റുഡിയോകളെ അമേരിക്കൻ മണ്ണിൽ പ്രവർത്തനം തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് കുറിച്ചു. മുമ്പത്തേക്കാൾ വലുതും മികച്ചതും ശക്തവുമായി തിരികെ കൊണ്ടുവരുന്നതിനായി ഹോളിവുഡിലേക്ക് പ്രത്യേക അംബാസഡർമാരായി സേവനമനുഷ്ഠിക്കാൻ നടന്മാരായ മെൽ ഗിബ്‌സൺ, ജോൺ വോയിറ്റ്, സിൽവസ്റ്റർ സ്റ്റാലോൺ എന്നിവരെ നിയമിച്ചതായി അധികാരമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മഹാമാരി, 2023 ലെ ഹോളിവുഡ് ഗിൽഡ് പണിമുടക്കുകൾ, ലോസ് ആഞ്ജൽസ് പ്രദേശത്തെ സമീപകാല കാട്ടുതീ എന്നിവ മൂലമുണ്ടായ തിരിച്ചടികൾ കാരണം സമീപ വർഷങ്ങളിൽ യു.എസ് സിനിമ, ടെലിവിഷൻ നിർമാണം വലിയതോതിൽ തടസപ്പെട്ടിട്ടുണ്ട്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യു.എസിലെ മൊത്തത്തിലുള്ള ഉൽപാദനം 26ശതമാനം കുറഞ്ഞതായി നിർമാണം നിരീക്ഷിക്കുന്ന പ്രോഡ്‌പ്രോയുടെ ഡാറ്റയും വ്യക്തമാക്കുന്നു.
കോവിഡിന് ശേഷം തിയേറ്ററുകളിൽ ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ അമേരിക്കയിൽ സിനിമ ടിക്കറ്റുകൾ കുറഞ്ഞിരുന്നു. അതുകൂടാതെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ ആളുകൾ വീട്ടിലിരുന്ന് സിനിമകൾ കാണുന്ന പ്രവണതയും കൂടി.
2018ൽ യു.എസ് ബോക്സ് ഓഫിസ് ഗ്രോസ് കലക്ഷൻ 12ബില്യൺ ഡോളറിൽ താഴെയായിരുന്നു. 2020 ൽ അത് രണ്ട് ബില്യണിലെത്തി. തിയേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും റിലീസുകളുടെ എണ്ണം 2019ൽ ഉണ്ടായിരുന്നതിന്റെ പകുതിയായി. അതിൽ പിന്നെ ആഭ്യന്തര ബോക്സ് ഓഫിസ് ഗ്രോസ് ഒമ്പത് ബില്യൺ ഡോളർ കവിഞ്ഞിട്ടില്ല.
ഹോളിവുഡ് സ്റ്റുഡിയോകളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ട്രീമിങ് നെറ്റ്‍വർക്കുകൾ. നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ലാഭമുണ്ടാക്കാൻ വർഷങ്ങളെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

