‘ആക്രമണത്തിനു മുമ്പ് ഇറാൻ മുന്നറിയിപ്പ് നൽകി’; നന്ദി അറിയിച്ച് ട്രംപ്, ഒപ്പം സമാധാന സന്ദേശവും
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഖത്തറിലെ അൽ ഉദൈദിലുള്ള യു.എസ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമത്തിന് പ്രത്യാക്രമണം ഉണ്ടാകില്ലെന്ന് സൂചന നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കൂടുതൽ സംഘർഷം ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ് ട്രംപ് പങ്കുവെക്കുന്നത്.
“ഒരുപക്ഷേ മേഖലയിൽ സമാധാനവും സന്തോഷവും കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി ഇപ്പോൾ മുന്നോട്ടുപോകാൻ ഇറാന് കഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇതേകാര്യം ചെയ്യാൻ ഇസ്രായേലും ഇക്കാര്യത്തിന് തയാറാകും” -ട്രംപ് കുറിച്ചു. ആണവകേന്ദ്രങ്ങൾ തകർത്തതിനെതിരെ ഇറാൻ നടത്തിയ തിരിച്ചടി ദുർബലമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ തൊടുത്ത 14ൽ 13 മിസൈലുകളും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത മേഖലയിൽ പതിക്കുമെന്നതിനാൽ വിട്ടുകളഞ്ഞു. ആക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ഇറാന് നന്ദി. അതുവഴി ആർക്കും ജീവഹാനി വരാതിരിക്കാനും പരിക്കില്ലാതെ രക്ഷപെടാൻ സാധിച്ചെന്നും ട്രംപ് പറഞ്ഞു.
നേരത്തെ ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിനു ശേഷം ഇസ്രായേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിക്കുന്നതിൽ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.
എന്നാൽ വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

