ട്രംപിന് കോവിഡ് ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തിയെന്നും അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ്. അദ്ദേഹത്തിന് ഇനി തെരഞ്ഞെടുപ്പ് കാമ്പെയിനുകളിൽ പങ്കെടുക്കാമെന്നും ഫിസിഷ്യൻ ഡോ. സീൻ കോണ്‍ലി പറഞ്ഞു.
കോവിഡ് ബാധിച്ചതിനുശേഷം പ്രസിഡന്റ് പങ്കെടുക്കുന്ന ആദ്യറാലി ഫ്ലോറിഡയിൽ നടക്കാനിരിക്കെയാണ് പുതിയ ഫലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. ഇന്ന് വൈകീട്ടാണ് റാലി നടക്കുക.
ഒക്ടോബർ രണ്ടിനാണ് തനിക്കും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് ടെസ്റ്റ് നടത്തിയെന്നും വൈറസ് ബാധയുണ്ടെന്നും ട്രംപ് പറഞ്ഞത്. തുടർന്ന് വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസങ്ങൾക്കുശേഷം ആശുപത്രി വിടുകയുമായിരുന്നു. ആശുപത്രിയിൽ നിന്ന് വൈറ്റ്ഹൗസിലെത്തിയ ഉടൻ മാസ്ക് മാറ്റിയ ട്രംപിന്റെ നടപടി ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു.

