തീരുവ യുദ്ധവുമായി ഡോണൾഡ് ട്രംപ്: റഷ്യൻ എണ്ണവാങ്ങുന്ന ഇന്ത്യക്കും ൈചനക്കും ഭീഷണി; ഇന്ത്യൻ കയറ്റുമതിക്ക് തിരിച്ചടിയാകും
text_fieldsഡോണൾഡ് ട്രംപ് വാർത്താ സമ്മേളനത്തിനിടെ
ന്യൂഡൽഹി: ‘വൈവിധ്യമാർന്ന ഉറവിടങ്ങളിലൂടെ ഊർജ സുരക്ഷ ഉറപ്പുവരുത്തു’മെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിനു പിന്നാലെ, റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ പിഴത്തീരുവയുമായി യു.എസ്. പിഴത്തീരുവ ഇടാക്കാൻ യു.എസ് പ്രസിഡന്റിന് അധികാരം നൽകുന്ന ബില്ലിന്മേൽ ഡോണൾഡ് ട്രംപ് മേലൊപ്പ് ചാർത്തി. കഴിഞ്ഞ മാസം ആകെ ഇറക്കുമതി ചെയ്ത എണ്ണയുടെ 50 ശതമാനവും റഷ്യയിൽനിന്ന് വാങ്ങിയ ഇന്ത്യക്ക്, യു.എസിന്റെ നീക്കം തിരിച്ചടിയാണ്.
നിയമം പ്രാബല്യത്തിൽ വരുന്നതിന് 12 മാസം മുമ്പ് വൻതോതിൽ റഷ്യൻ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങൾ അടുത്ത ഒരു മാസവും അത് തുടർന്നാൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താമെന്ന് നിയമം വ്യക്തമാക്കുന്നു. റഷ്യയെ ഉപരോധം മറികടക്കാൻ സഹായിക്കുകയാണ് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിലൂടെ ചെയ്യുന്നതെന്നാണ് യു.എസ് ആരോപണം. അതേസമയം, നിയമം നടപ്പായ ശേഷം റഷ്യയിൽനിന്നുള്ള പ്രകൃതിവാതക ഇറക്കുമതി ഗണ്യമായി കുറക്കുന്ന രാജ്യങ്ങളെയും റഷ്യ കയറ്റുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ 15 ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാത്ത രാജ്യങ്ങളെയും ഉപരോധത്തിൽനിന്ന് മാറ്റിനിർത്തും.
ഇന്ത്യ-യു.എസ് വ്യാപാര കരാറിനായി ട്രംപിനെ പ്രീണിപ്പിക്കാൻ യു.പി.ഐ ഇടപാടിന് പണമീടാക്കുന്നതടക്കമുള്ള നടപടികൾ മോദി സർക്കാർ കൈക്കൊള്ളുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് ട്രംപ് വീണ്ടും തീരുവ യുദ്ധത്തിലേക്ക് നീങ്ങുന്നത്. ട്രംപ് ഒപ്പിട്ടതോടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തുവന്നു. 2025 ആഗസ്റ്റിൽ ഇന്ത്യക്ക് മേൽ ട്രംപ് ഭരണകൂടം 25 ശതമാനം പിഴത്തീരുവ ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു.
ഇത്തരമൊരു തീരുവക്കായി വാദിച്ചിരുന്ന അന്തരിച്ച റിപ്പബ്ലിക്കൻ സാമാജികനായിരുന്ന ലിൻഡ്സെ ഗ്രഹാമിന്റെ പേരിലാണ് നിയമം. ആഗസ്റ്റ് ഏഴിന് സെനറ്റ് പാസാക്കിയ ബിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിനിധിസഭയായ യു.എസ് കോൺഗ്രസ് പാസാക്കിയത്. ട്രംപ് വെള്ളിയാഴ്ച ഒപ്പിട്ടതോടെ പ്രാബല്യത്തിലാകുകയും ചെയ്തു.
ഇറാന് നേർക്ക് യു.എസും ഇസ്രായേലും നടത്തുന്ന യുദ്ധത്തിനിടയിൽ ഈ വർഷം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിരുന്നു. അതിന് മുമ്പ് യു.എസ് തീരുവ ഭീഷണിക്കിടയിൽ റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവന്ന് 2025 ഡിസംബറിൽ 38 മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ തോതിൽ എത്തിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയെന്ന് ജനുവരിയിൽ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രസ്താവനയിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

