നീലച്ചിത്ര നടിക്ക് പണം നൽകിയ കേസ്: ട്രംപ് അറസ്റ്റിൽ
text_fieldsന്യൂയോർക്ക്: നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ ഡോണൾഡ് ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മാൻഹാട്ടൻ കോടതിയിലാണ് ട്രംപ് എത്തിയത്. പ്രതിഷേധ സാധ്യതയെ തുടർന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി ട്രംപ് അനുകൂലികൾ കോടതിക്ക് സമീപം എത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് മൻഹാട്ടൻ ഗ്രാൻഡ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത്.
അങ്ങേയറ്റം നാടകീയം
ട്രംപ് കോടതിയിൽ ഹാജരാകുന്നതിന് മുമ്പുള്ള മണിക്കൂറുകൾ അങ്ങേയറ്റം നാടകീയമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾക്കാണ് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും അമേരിക്ക സാക്ഷ്യംവഹിച്ചത്. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി േഫ്ലാറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയിൽനിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 12.20നാണ് ട്രംപ് ന്യൂയോർക്കിലേക്കുള്ള യാത്ര ആരംഭിച്ചത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹം പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് സ്വകാര്യ വിമാനത്തിൽ ന്യൂയോർക്കിലെ ലാ ഗ്വാർഡിയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുതിർന്ന ഉപദേഷ്ടാവ് ജാസൻ മില്ലർ, വക്താവ് സ്റ്റീവൻ ഷെങ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.
ട്രംപിന്റെ യാത്ര വിവിധ ടി.വി ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്തു. വിമാനമിറങ്ങിയ ട്രംപ് മൻഹാട്ടനിലെ ട്രംപ് ടവറിലേക്കാണ് പോയത്. കോടതിയിൽ ഹാജരാകുന്നതിന് മുമ്പുള്ള തയാറെടുപ്പുകൾ നിയമ വിദഗ്ധരുമായി അദ്ദേഹം ചർച്ച ചെയ്തു. ട്രംപ് ഹാജരാകുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.