‘ഗസ്സ നരകം; വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നു’ -ട്രംപ്
text_fieldsവാഷിങ്ടൺ: ഗസ്സ നിവാസികൾ അക്രമവുമായി ബന്ധമില്ലാത്ത സുരക്ഷിതമല്ലാത്ത എവിടെയെങ്കിലും താമസിക്കുന്നതാണ് നല്ലതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പ്രശ്നങ്ങളും വിപ്ലവവും അക്രമവും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു പ്രദേശത്ത് അവരെ താമസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഗസ്സ മുനമ്പിലേക്ക് നോക്കൂ... വർഷങ്ങളായി അത് നരകമായിരുന്നു... ആയിരക്കണക്കിന് വർഷം മുമ്പ് തുടങ്ങിയ വിവിധ നാഗരികതകൾ അവിടെ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് എല്ലായ്പ്പോഴും അക്രമം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, കൂടുതൽ സുരക്ഷിതവും കൂടുതൽ മികച്ചതും കൂടുതൽ സുഖകരവുമായ പ്രദേശങ്ങളിൽ അവിടെയുള്ളവർക്ക് ജീവിക്കാൻ കഴിയുംൻ’ -എയർഫോഴ്സ് വൺ വിമാനത്തിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈജിപ്തും ജോർദാനും കൂടുതൽ ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ഇവിടെ നിന്നുള്ള അഭയാർഥികളെ സ്വീകരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താൽപര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി വിവിധ തരത്തിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗസ്സ മുനമ്പ്. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സീസിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ നിലപാട് അർത്ഥമാക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണോ എന്ന് ചോദിച്ചപ്പോൾ, വ്യക്തമായ മറുപടി ട്രംപ് നൽകിയില്ല. നെതന്യാഹു വാഷിങ്ടണിൽ വരുമ്പോൾ ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഫലസ്തീൻ അഭയാർഥികളെ ഏറ്റെടുക്കണമെന്നട്രംപിന്റെ ആവശ്യം ജോർഡനും ഈജിപ്തും തള്ളി. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് കുടിയിറക്കുന്നതിന് എതിരായ നിലപാടിൽ മാറ്റമില്ലെന്നും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് യു.എസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോർഡൻ വിദേശമന്ത്രി അയ്മൻ സഫാദി പറഞ്ഞു. ഫലസ്തീൻ പ്രശ്നം രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും ഫലസ്തീനികളുടെ ചെറുത്തുനിൽപിനും സ്വന്തം ഭൂമിക്കുമേലുള്ള അവകാശത്തിനുമൊപ്പമാണ് എല്ലായ്പോഴും തങ്ങളെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ട്രംപിന്റെ പദ്ധതി നിരസിച്ച് ഹമാസ് നേതൃത്വവും രംഗത്തെത്തി. ഗസ്സയിൽനിന്ന് ഫലസ്തീനികളെ സ്ഥിരമായി ഒഴിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഹമാസ് ആരോപിച്ചു. പുനർനിർമാണത്തിന്റെ മറവിൽ നല്ല ഉദ്ദേശ്യങ്ങളോടെയാണെങ്കിൽപോലും ഫലസ്തീനികൾ ഇത്തരം ഒരു വാഗ്ദാനവും പരിഹാരവും സ്വീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.
എന്നാൽ, ഈജിപ്ഷ്യൻ- ജോർദാൻ ഭരണകൂടങ്ങളുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ അത് ചെയ്യുമെന്ന്’ തന്നെയായിരുന്നു ട്രംപിന്റെ മറുപടി. ‘സിസി കുറച്ച് പേരെ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്റെ സുഹൃത്തായ അദ്ദേഹം തിരിച്ചും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ദുഷ്‌കരമായ പ്രദേശത്താണ്. പക്ഷേ, ഇക്കാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു, ജോർദാൻ രാജാവും ഇത് തന്നെ ചെയ്യുമെന്ന് ഞാൻ കരുതുന്നു’ -ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

