ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ട്രംപ് മണിക്കൂറുകളോളം ചെലവഴിച്ചതായി വെളിപ്പെടുത്തൽ
text_fieldsജെഫ്രി എപ്സ്റ്റീനും ഡോണൾഡ് ട്രംപും (ഫയൽ ചിത്രം)
വാഷിങ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തൽ. ജെഫ്രി എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന് എപ്സ്റ്റീൻ ലൈംഗിക പീഡനത്തിന് ഇരകളായ പെൺകുട്ടികളെകുറിച്ച് അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശിക്കുന്നുണ്ട്. യു.എസിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ പുറത്തുവിട്ടത്.
എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട കേസുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്‌വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന ഇമെയിലുകൾ ട്രംപിനെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ഡെമോക്രാറ്റ് അംഗങ്ങൾ ആരോപിച്ചു.
1993ല്‍ ഡോണൾഡ് ട്രംപും മാര്‍ല മാപ്പിള്‍സും തമ്മിലുള്ള വിവാഹത്തില്‍ ജെഫ്രി എപ്സ്റ്റീന്‍ പങ്കെടുത്ത എക്‌സ്‌ക്ലൂസീവ് ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പുറമേ 1999ല്‍ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഇവന്റില്‍ ട്രംപും എപ്സ്റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആരോപിച്ച് നേരത്തെ ശതകോടീശ്വരൻ ഇലോൺ മസ്‌കും രംഗത്തുവന്നിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളി വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഡെമോക്രാറ്റുകള്‍ മാധ്യമങ്ങള്‍ക്ക് നൽകിയ വ്യാജ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു. ഇ മെയിലുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന 'പേര് വെളിപ്പെടുത്താത്ത ഇര' പരേതയായ വിര്‍ജീനിയ ഗിയുഫ്രെ ആണെന്നും വിഷയത്തില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് ഇവര്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു. ട്രംപിന്റെ നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളെന്നും ആരോപണങ്ങളെ അമേരിക്കന്‍ ജനത തള്ളിക്കളയുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

