‘എനിക്ക് ഷീയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹവുമായി ഇടപാട് നടത്താൻ ബുദ്ധിമുട്ടാണ്’; ചൈനീസ് പ്രസിഡന്റുമായി സംസാരിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: താരിഫ് യുദ്ധം തിരിച്ചടിയായ സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും നടത്തിയ വ്യാപാര കരാർ ചർച്ചകൾ പാതിവഴിയിൽ നിലച്ചതോടെയായിരുന്നു ട്രംപിന്റെ പുതിയ നീക്കം. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഷീയുമായി വ്യാപാര കരാറിലേർപ്പെടുക കടുപ്പമാണെന്ന് ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് പ്രതികരിച്ചു. ‘‘എനിക്ക് ചൈനയുടെ ഷീയെ ഇഷ്ടമാണ്. എന്നും എപ്പോഴും. പക്ഷേ, അദ്ദേഹം വളരെ കടുപ്പക്കാരനാണ്. അദ്ദേഹവുമായി ഒരു ഇടപാട് നടത്താൻ വളരെ ബുദ്ധിമുട്ടാണ്’’ -ട്രംപ് ബുധനാഴ്ച അദ്ദേഹത്തിന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ച അനിശ്ചിതമായി തുടരുമെന്ന് സൂചിപ്പിക്കുന്നതാണ് ട്രംപിന്റെ പ്രതികരണമെന്ന് വ്യാപാര വിദഗ്ധർ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ കനത്ത താരിഫ് നടപടിക്ക് പിന്നാലെ ചൈനയും യു.എസിന് മേൽ പ്രതികാര ചുങ്കം ചുമത്തിയിരുന്നു. യു.എസ് 145 ശതമാനം നികുതിയും ചൈന 124 ശതമാനം നികുതിയുമാണ് ചുമത്തിയിരുന്നത്. തുടർന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘം മേയിൽ ജനീവയിൽ വ്യാപാര ചർച്ച നടത്തിയെങ്കിലും പാതിവഴിയിൽ നിലച്ചു.
മാത്രമല്ല, വ്യാപാര കരാറുകൾ ചൈന ലംഘിക്കുകയാണെന്ന് ട്രംപ് വിമർശിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. പുതിയ വ്യാപാര യുദ്ധത്തിനാണ് യു.എസ് ശ്രമിക്കുന്നതെന്നാണ് വിമർശനത്തോട് ചൈന പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

