Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചു; റഷ്യ ഉപരോധ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു

text_fields
bookmark_border
ഇറാനെതിരായ ഉപരോധം നീട്ടി
ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചു; റഷ്യ ഉപരോധ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു
cancel

വാഷിങ്ടൺ: ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പുകൾ അവഗണിച്ച് റഷ്യക്കെതിരായ ഉപരോധ ബില്ലിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പ്രതിനിധി സഭ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്' ഔദ്യോഗിക നിയമമായി മാറിയത്. ഈ പുതിയ നിയമം വഴി റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം ലഭിക്കും. നിലവിലെ പട്ടിക പ്രകാരം ഇന്ത്യയും ഈ ഉപരോധ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ഇതിനോടൊപ്പം തന്നെ ഇറാനെതിരെയുള്ള നിലവിലെ ഊർജ്ജ, ആയുധ ഉപരോധങ്ങളും ഈ പുതിയ നിയമത്തിലൂടെ അമേരിക്ക ദീർഘിപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിലിൽ സെനറ്റർമാരായ ലിൻഡ്സെ ഗ്രഹാമും റിച്ചാർഡ് ബ്ലൂമെന്തലും ചേർന്ന് അവതരിപ്പിച്ച ബില്ലിന്മേലുള്ള 18 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. റഷ്യയുടെ ഊർജ്ജ കയറ്റുമതി വരുമാനം തടയുക, നാല് വർഷത്തിലധികം നീണ്ട യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയെ ചർച്ചകളിലേക്ക് വലിച്ചിഴക്കുക എന്നിവയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളായി അവകാശപ്പെടുന്നത്.

എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും, രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ നിയമം ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ്ജ വിപണിയെയും ബാധിക്കുമെന്ന ആശങ്ക അമേരിക്കൻ അധികാരികളെ മുൻകൂട്ടി അറിയിച്ചിരുന്നതായും, വിഷയം അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

അതേസമയം ബില്ലിൽ ഒരു രാജ്യത്തെയും നേരിട്ട് പേരെടുത്ത് പരാമർശിക്കുന്നില്ലെങ്കിലും, കഴിഞ്ഞ 12 മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ റഷ്യൻ ക്രൂഡ് ഓയിലും വാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ കണ്ടെത്താൻ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക ഓരോ 180 ദിവസത്തിലും പുനഃപരിശോധിക്കും. പരമാവധി 100 ശതമാനം വരെ തീരുവ ചുമത്താനുള്ള പൂർണ അധികാരം പ്രസിഡന്റിന്റെ വിവേചനാധികാരത്തിലാണ്.

അതേസമയം, അമേരിക്കയുടെ യൂറോപ്യൻ പങ്കാളികളെ ഈ ഉപരോധത്തിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി മൊത്തം കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെയാണുള്ളതെങ്കിൽ അവർക്ക് ഇളവ് ലഭിക്കും. എന്നാൽ ഇതിനായി രാജ്യങ്ങൾ ഇറക്കുമതി കുറക്കാൻ 'കാര്യമായ നടപടികൾ' സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ റഷ്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ 500 ശതമാനം വരെ തീരുവ ചുമത്താനും ഈ നിയമം അധികാരം നൽകുന്നുണ്ട്.

അതേസമയം യു.എസ് ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമാണെന്ന് കോൺഗ്രസിനെ ബോധ്യപ്പെടുത്തിയാൽ പ്രസിഡന്റിന് ഏത് രാജ്യത്തിനും ഇളവ് നൽകാം. എന്നാൽ സ്ഥിരമായി തീരുവ ഒഴിവാക്കണമെങ്കിൽ ആ രാജ്യം റഷ്യൻ ഊർജ്ജം വാങ്ങുന്നത് പൂർണമായി നിർത്തിയെന്നും ഭാവിയിൽ അത് തുടരില്ലെന്നും ഉള്ള ഉറപ്പ് നൽകേണ്ടതുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump signs Russia sanctions bill into law, granted power to impose 100% tariffs on India, China
Next Story